അവധി കഴിഞ്ഞ് മടങ്ങി, കശ്മീരിലെത്തിയില്ല; പാലക്കാട് സ്വദേശി യുവസൈനികൻ കോഴിക്കോട് മരിച്ച നിലയില്‍.
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് (25) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കശ്മീരിൽ ജോലിചെയ്തിരുന്ന ബിജിത് രണ്ടരമാസത്തെ അവധിക്കാണ് നാട്ടിലെത്തിയതെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അവധികഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോയതായി വീട്ടുകാർ പറയുന്നു. കോഴിക്കോട്ടുനിന്നുള്ള മറ്റൊരു സൈനികനുമൊത്ത് ഡൽഹിയിലേക്ക് വിമാനത്തിൽ പോയെന്നാണ് വിവരം. ഡൽഹിയിലെത്തിയശേഷം വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നത്രെ. എന്നാൽ, കശ്മീരിലെ ക്യാമ്പിൽ റിപ്പോർട്ടുചെയ്തിട്ടില്ലെന്ന് ആർമി ഓഫീസർ, ബിജിതിന്റെ ജ്യേഷ്ഠനെ വിളിച്ചുപറഞ്ഞു. ഇതോടെ, ബിജിതിനെ വീണ്ടും ഫോൺചെയ്തപ്പോൾ സഹപ്രവർത്തകന് സുഖമില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുന്നതിനായി വരുന്നുണ്ടെന്നുമാണ് പറഞ്ഞത്. തുടർന്ന്, ഫോൺ സ്വിച്ച്ഓഫായി. പിന്നീട് ബിജിതിന്റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ചെറിയച്ഛൻ ഗോവിന്ദൻ പറഞ്ഞു.
ബിജിത് ബുധനാഴ്ച പുലർച്ചെ 5.40-ന് കോഴിക്കോട് റെയിൽവേസ്റ്റേഷൻ ഭാഗത്തുനിന്ന് ഓട്ടോയിൽ ലോഡ്ജിലെത്തിയാണ് മുറിയെടുത്തത്. ഒറ്റയ്ക്കാണ് ലോഡ്ജിലെത്തിയത്. വ്യാഴാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഇദ്ദേഹം ഡൽഹിയിലേക്കും മഹാരാഷ്ട്രയിലേക്കും സഞ്ചരിച്ചതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. 12-ന് ഡൽഹിയിൽനിന്ന് കശ്മീരിലേക്കുള്ള വിമാന ബോർഡിങ്പാസും കണ്ടെടുത്തിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)