സിനിമാതാരം സുബി സുരേഷിന്റെ മരണവാര്‍ത്ത ഞെട്ടലോടു കൂടിയാണ് മലയാളി പ്രേക്ഷകര്‍ കേട്ടത്. ഇതിനോടൊപ്പം വേദനയായി മാറുകയാണ് സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജിലെ അവസാന പോസ്റ്റും.
സുബിയുടെ മരണത്തിനു ശേഷം പങ്കുവച്ച പോസ്റ്റാണ് ഇതെന്നാണ് സൂചന. സുബിയുടെ ഒരു ചിത്രത്തിനൊപ്പം ‘ഓരോ പുതിയ തുടക്കവുമുണ്ടാവുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. വീണ്ടും കാണാം, നന്ദി’ എന്നാണ് പോസ്റ്റ്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. നിരവധി പ്രമുഖർ സുബിയുടെ മരണത്തില്‍ അനുശോചിച്ചു. അടുത്തകാലത്തായി യൂട്യൂബിലും സജീവ സാന്നിധ്യമായിരുന്നു സുബി. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
20 വര്‍ഷം മുമ്പ് തന്നെ ടെലിവിഷനിലും സിനിമാ രംഗത്തും സജീവമായിരുന്ന സുബി ഹാസ്യം കൈകാര്യം ചെയ്തിരുന്ന അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. ഗൃഹനാഥന്‍, കനക സിംഹാസനം, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്റ്‌സ്, കാര്യസ്ഥന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)