ഒന്നര മണിക്കൂറിനിടെ പരിശോധിച്ചത് 152 വാഹനങ്ങൾ!; ഇതിൽ 83 ഡ്രൈവർമാരും നിയമം ലംഘിച്ചവരുടെ പട്ടികയിൽ.

MTV News 0
Share:
MTV News Kerala

കോഴിക്കോട് : ജില്ലയിൽ ഒന്നര മണിക്കൂറിനിടെ പരിശോധിച്ചത് 152 വാഹനങ്ങൾ! ഇതിൽ 83 ഡ്രൈവർമാരും നിയമം ലംഘിച്ചവരുടെ പട്ടികയിൽ. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ ആരംഭിച്ച ‘റോഡ് സുരക്ഷ, ജീവൻ രക്ഷാ’ പദ്ധതിയുടെ ഭാഗമായി 8 സ്ഥലങ്ങളിൽ നടത്തിയ റോ‍ഡ് പരിശോധനയിൽ ആദ്യ ഒന്നര മണിക്കൂറിലാണ് ഇത്രയും നിയമലംഘനം ശ്രദ്ധയിൽപെട്ടത്.

ഭൂരിപക്ഷം പേർക്കും നിയമത്തെക്കുറിച്ച് ബോധമുണ്ടെങ്കിലും അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നത്. ഇത്തരക്കാരെ പറഞ്ഞു മനസ്സിലാക്കിയും നടപടിയെടുത്തും പരിശോധന സജീവമാക്കി.സീബ്രാ ലൈനിൽ വാഹനം നിർത്തൽ, സിഗ്നലിൽ സ്റ്റോപ് ലൈൻ മറികടക്കൽ, ജംക്‌ഷനിൽ വലത്തോട്ട് തിരിയേണ്ടവർ ഇടത് ഭാഗത്ത് നിർത്തൽ, ഹെൽമറ്റ് ഇല്ലാത്ത യാത്ര, കൈ കാണിച്ചാലും നിർത്താതെ പോകൽ തുടങ്ങിയവ എല്ലാം ട്രാഫിക് ലംഘനങ്ങളാണ്.

നിയമലംഘകരിൽ കൂടുതലും 20നും 40നും മധ്യേ പ്രായമുള്ളവർ. ഓരോ എംവിഐമാരും ലൈസൻസ് ടെസ്റ്റ് ദിനത്തിൽ 60 പേർക്ക് റോഡ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. 100 മീറ്റർ വാഹനം ഓടിച്ച് ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കും. 100 മീറ്റർ വാഹനം ഓടിച്ചു കാണിക്കുന്നവർക്ക് ലൈസൻസ് ലഭിക്കുന്ന സാഹചര്യമാണ്. എംവിഐമാരുടെയും ഓഫിസ് ജീവനക്കാരുടെയും കുറവ് വാഹന ടെസ്റ്റിനെയും ബാധിക്കുന്നുണ്ട്.