വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല; 12.5 ലക്ഷം പേര്‍ക്ക് പെന്‍ഷനില്ല

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽനിന്ന് 12.5 ലക്ഷത്തോളംപേർ പുറത്തേക്ക്. ഇത്രയുംപേർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നാണ് പ്രാഥമികവിവരം. പെൻഷന് അർഹമായതിനെക്കാൾ കൂടുതൽ വരുമാനമുള്ളതുകൊണ്ടാവാം ഇവർ സർട്ടിഫിക്കറ്റ് നൽകാത്തത് എന്നാണ് അനുമാനം. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കൂടുതലുള്ളവർക്ക് ക്ഷേമപെൻഷന് അർഹതയില്ല. സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് മാർച്ചുമുതൽ പെൻഷൻ കിട്ടാനിടയില്ല. ഈയിനത്തിൽ മാസം 192 കോടിയുടെ ചെലവ് സർക്കാരിനു കുറയും.

ഫെബ്രുവരി 28 ആയിരുന്നു സർട്ടിഫിക്കറ്റ് നൽകാനുള്ള അവസാന തീയതി. 40 ലക്ഷത്തോളംപേർ മാത്രമാണ് ഹാജരാക്കിയത്. നിലവിൽ 52.5 ലക്ഷംപേരാണ് മാസം 1600 രൂപവീതം പെൻഷൻ വാങ്ങുന്നത്. വിവിധ കാരണങ്ങളാൽ രണ്ടരലക്ഷത്തോളംപേരുടെ പെൻഷൻ മാസംതോറും തടഞ്ഞുവെക്കാറുണ്ട്.

ഉയർന്ന വരുമാനമുള്ളവരും ക്ഷേമപെൻഷൻ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. പെൻഷൻ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവാർഷിക വരുമാനമായി കണക്കാക്കാനായിരുന്നു നിർദേശം.

വിവരങ്ങൾ ഐ.കെ.എമ്മിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമകണക്ക് ലഭിക്കും. ഇതിനു സമയമെടുക്കും. അതിനാൽ നിലവിൽ വാങ്ങുന്നവർക്ക് ഫെബ്രുവരിവരെയുള്ള പെൻഷൻ ലഭിച്ചേക്കും. ഡിസംബർവരെയുള്ള പെൻഷനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

സർട്ടിഫിക്കറ്റ് ഇനിയുംനൽകാം. സർട്ടിഫിക്കറ്റ് നൽകുന്ന സമയംമുതൽ പെൻഷൻ പുനഃസ്ഥാപിക്കും. ഇടയ്ക്കുള്ള കാലത്തെ കുടിശ്ശിക നൽകില്ല. സാമൂഹികസുരക്ഷാ പെൻഷനു മാത്രമാണ് ഈ തീരുമാനം ബാധകം. ക്ഷേമനിധിബോർഡുകളിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്ക് വരുമാനപരിധി വെച്ചിട്ടില്ലാത്തതിനാൽ അവരെ ഇത് ബാധിക്കില്ല. ഏഴുലക്ഷംപേരാണ് ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്.