വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പൊലീസ് മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ മീരാസാഹിബിന്റെ മകന്‍ റഹിം പി എം (44) ആണ് മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്.
2017 ജൂലൈയില്‍ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഫോട്ടോകള്‍ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
2019 ഡിസംബര്‍ 8 നാണ് യുവതി പെരുമ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. അന്നത്തെ എസ് ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്, പൊലീസ് ഇന്‍സ്പെക്ടര്‍ ബി അനില്‍ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ സുരേഷിന് അന്വേഷണം കൈമാറി. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
സുരേഷ് സ്ഥലം മാറിപ്പോയതിനാല്‍ പിന്നീട് ചാര്‍ജ് എടുത്ത പൊലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയക്കായിരുന്നു അന്വേഷണച്ചുമതല. ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുള്ള പ്രതിയെ മാര്‍ച്ച് 31 ന് മുംബൈ സഹര്‍ വിമാനത്താവളത്തില്‍ ഇമ്മിഗ്രേഷന്‍ വിഭാഗം അധികൃതര്‍ തടഞ്ഞുവച്ചതായി അറിയിപ്പ് കിട്ടിയതനുസരിച്ച്, വെച്ചൂച്ചിറ പൊലീസ് അവിടെയെത്തി. സഹര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ ഏപ്രില്‍ ഒന്നിന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യപരിശോധനക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 2.30 ന് വെച്ചൂച്ചിറ സ്റ്റേഷനില്‍ എത്തിക്കുകയും, പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു. പിന്നീട് യുവതിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ പാസ്സ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചെടുത്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയില്‍ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)