ഇത് നീതിയുടെ ആശ്വാസം; കോടതിയില്‍ ചെറുപുഞ്ചിരിയോടെ മധുവിന്റെ കുടുംബം

MTV News 0
Share:
MTV News Kerala

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസില്‍ വിധി വരുമ്പോള്‍ അമ്മ ചന്ദ്രികയുടെയും സഹോദരി മല്ലിയുടെയും മുഖത്ത് നിറപുഞ്ചിരി. വിധി കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിഴലുകള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു. ഫോണെടുത്ത മല്ലി അടുത്ത ആളുകളെയെല്ലാം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു തുടങ്ങി.

പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു മധുവിന്റെ കുടുംബം കോടതിയിലേക്ക് പോകുമ്പോഴും. ‘മധുവിനെ കാട്ടില്‍ നിന്ന് മര്‍ദിച്ച് അവശനാക്കിയാണ് കൊണ്ടുവന്നത്. നായയെ പോലെ തല്ലിച്ചതച്ചാണ് മധുവിനെ അവര്‍ മുക്കാലിയിലേക്ക് കൊണ്ടുവന്നത്. ആ വേദനയൊക്കെ മധു അനുഭവിച്ചതിന് നീതി ലഭിക്കണം. ഇത്രയും കാലം ഞങ്ങള്‍ പോരാടിയതും അതിനുവേണ്ടിയാണ്. നീതി ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മധുവിന്റെ സഹോദരിയുടെ വാക്കുകള്‍.
കേസ് ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് മധുവിന്റെ അമ്മ മല്ലിയും പ്രതികരിച്ചിരുന്നു.

ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധി. ഒന്നാം പ്രതി
ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. നാലാം പ്രതി അനീഷ് , പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരുടെ വിധി പിന്നീട് പറയാമെന്ന് കോടതി അറിയിച്ചു