കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യത്തിലേക്ക്; അടുത്തമാസം തുറന്നുനൽകും

MTV News 0
Share:
MTV News Kerala

മാവൂർ: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം യാഥാർഥ്യമായി. പാലം അടുത്തമാസം തുറന്നു നൽകും. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ളവ കരയിലുമാണ് നിർമിച്ചത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചത്.

2019ലെ പ്രളയത്തിൽ പാലം നിർമാണത്തിന് ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിച്ചതിനെ തുടർന്ന് പ്രവൃത്തി നിർത്തിവയ്ക്കുകയും തുടർന്ന് പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയ ശേഷം പ്രവൃത്തി പുനരാരംഭിക്കുകയുമായിരുന്നു. 2022 മേയ് 16ന് ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ സാങ്കേതിക തകരാറുകൾമൂലം പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണതിനെ തുടർന്ന് വീണ്ടും പ്രവർത്തികൾ നിലച്ചു. 2016-17 ബജറ്റിൽ പ്രഖ്യാപിച്ച കൂളിമാട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് 9ന് അന്നത്തെ മന്ത്രി ടി.പി രാമകൃഷ്ണനാണ് നിർവഹിച്ചത്. 25 കോടി രൂപയാണ് നിർമാണച്ചെലവ്.