കുനിയിൽ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും.

MTV News 0
Share:
MTV News Kerala

മഞ്ചേരി:കുനിയിൽ ഇരട്ടക്കൊലക്കേസ് വിധി ഇന്ന് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്.രജിത പറയും. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. അരീക്കോട്, കുനിയിൽ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം നടത്തും. മുൻ വൈരാഗ്യവും ഒരു കൊലപാതകത്തിന്റെ പ്രതികാരമെന്നോണം മറ്റ് 2 കൊലപാതകവും എന്നതു പരിഗണിച്ചാണ് പൊലീസിന്റെ ജാഗ്രത.

മഞ്ചേരി ഐജിബിടിയിലാണ് മൂന്നാം സെഷൻസ് കോടതി പ്രവർത്തിക്കുന്നത്. രാവിലെ 11നു കേസിന്റെ വിധി വരുമെന്നാണ് സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച വിവരം. കുനിയിൽ കുറുവാങ്ങാടൻ മുക്താർ, കോഴിശ്ശേരികുന്നത്ത് റാഷിദ്, റഷീദ് എന്ന സുഡാനി റഷീദ്, ചോലയിൽ ഉമർ, മുഹമ്മദ് ഷരീഫ്, കുറുമാടൻ അബ്ദുൽ അലി തുടങ്ങി 21 പേർക്കെതിരെയാണ് കേസ്. 22-ാം പ്രതി ഫിറോസ് ഖാന്റെ കേസ് പിന്നീട് പരിഗണിക്കും. പ്രതികള്‍ ജാമ്യത്തിലാണ്.

2018 സെപ്റ്റംബർ 19ന് ആണ് സാക്ഷി വിസ്താരം തുടങ്ങിയത്. 275 സാക്ഷികളെ വിസ്തരിച്ചു.2012 ജൂൺ 10ന് ആണ് കുനിയില്‍ അങ്ങാടിയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം കൊളക്കാടൻ അബ്ദുല്‍ കലാം ആസാദ് (37), സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ (48) എന്നിവരെ കൊലപ്പെടുത്തിയത്. 2012 ജനുവരി 5നു കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ആസൂത്രണം ചെയ്തു ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്.