ബിജെപിവിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കും; ഒരുങ്ങുന്നു പ്രതിപക്ഷ ഐക്യനിര

MTV News 0
Share:
MTV News Kerala

പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക്‌ ഗതിവേഗം പകർന്ന്‌ ജനതാദള്‍ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാർ ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ചു. പരമാവധി ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് പോൾ ചെയ്യുന്നത്‌ ഉറപ്പാക്കണമെന്നും സീറ്റ്‌ധാരണ സംസ്ഥാനങ്ങളിൽ വേണമെന്നും സിപിഐ എം നിർദേശം വച്ചു. അതത്‌ സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ചായിരിക്കണം സീറ്റുധാരണ. പ്രതിപക്ഷ വോട്ടുകൾ ഏകീകരിച്ചാൽ കേവലം 37 ശതമാനം വോട്ട്‌ ലഭിക്കുന്നവർ ഭരണത്തിലേറുന്ന സ്ഥിതി തടയാനാകുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം യെച്ചൂരി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന്‌ ഇപ്പോൾ കാര്യമായ വേഗം കൈവരിക്കാൻ കഴിഞ്ഞു. ഇടത്‌–- മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യം കൊണ്ടു മാത്രമേ ബിജെപിയെ പരാജയപ്പെടുത്താനാകൂ. 1996,1998, 2004 വർഷങ്ങളിലേതിന്‌ സമാനമായി തെരഞ്ഞെടുപ്പിന്‌ ശേഷമായിരിക്കും സർക്കാർ രൂപീകരിക്കുന്നതിനുള്ള മുന്നണി രൂപീകരിക്കുക. വൈകാതെ പ്രതിപക്ഷ പാർടികളുടെ യോഗം ചേർന്ന്‌ തന്ത്രങ്ങൾ ആവിഷ്‌കരിക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായും നിതീഷ്‌ കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷം രാഷ്‌ട്രീയയോജിപ്പിൽ എത്തിയശേഷമാകും മറ്റെല്ലാ കാര്യങ്ങളും തീരുമാനിക്കുകയെന്നും നിതീഷ്‌ കുമാറിന്റെ റോൾ എല്ലാവരും ചേർന്നാണ്‌ തീരുമാനിക്കേണ്ടതെന്നും രാജ പറഞ്ഞു.
നിതീഷ്‌ കുമാറിന്റെ പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക്‌ ആം ആദ്‌മി പാർടി പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനെ തുടർന്ന്‌ മുൻ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയടക്കം ജയിലിലായതിനു പിന്നാലെയാണ്‌ അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്‌ മാറ്റം. ഒഡിഷയിൽ അട്ടിമറി നീക്കങ്ങൾ ബിജെപി സജീവമാക്കിയതോടെ പ്രതിപക്ഷ കൂട്ടായ്‌മയിലേക്ക്‌ ബിജെഡിയും എത്തിയേക്കും. നിതീഷ്‌ വെള്ളിയാഴ്‌ച എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവടക്കമുള്ളവരെ കാണും. കോണ്‍​ഗ്രസ് നേതാക്കളെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.
പവാർ ഖാർ​ഗെയെ കണ്ടു
എൻസിപി അധ്യക്ഷൻ ശരദ്‌ പവാറും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർ​ഗെയുമായി വ്യാഴാഴ്ച ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധിയും പങ്കെടുത്തു. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള തുടക്കമാണിതെന്ന് പവാർ പ്രതികരിച്ചു