പുല്‍വാമയില്‍ വീഴ്ച, മറച്ചുവെക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് കശ്മീര്‍ മുന്‍ ഗവര്‍ണര്‍; ട്വീറ്റുമായി രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രതികരണം.
‘പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ട്വീറ്റിന് താഴെ സത്യപാല്‍ മാലിക്കിന്റെ അഭിമുഖത്തിന്റെ വീഡിയോകള്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തു.
‘പുല്‍വാമ ഭീകരാക്രമണ സമയത്ത് രാജ്‌നാഥ് സിങ് ആയിരുന്നു ആഭ്യന്തരമന്ത്രി. ആക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാന്‍ വേണ്ടി സി.ആര്‍.പി.എഫ്. എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കോര്‍ബറ്റ് പാര്‍ക്കില്‍വെച്ച് പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചകള്‍ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോള്‍ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിക്ക് ജമ്മു കശ്മീരിനെക്കുറിച്ച് ഒന്നും അറിയില്ല.’ -സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ ആരോപിച്ചു.
300 കിലോ ഗ്രാം ആര്‍.ഡി.എക്‌സ്. പാകിസ്താനില്‍നിന്ന് എത്തി, ജമ്മു കശ്മീരില്‍ 10-15 ദിവസത്തോളം ആര്‍ക്കും കണ്ടെത്താനാകാതെ കൈമാറിപ്പോയി എന്നത് ഇന്റലിജന്‍സിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. 2019 ഫെബ്രുവരിയില്‍ 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമ ആക്രമണ സമയത്തും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരില്‍ സത്യപാല്‍ മാലിക് ആയിരുന്നു ഗവര്‍ണര്‍.
© Copyright - MTV News Kerala 2021
View Comments (0)