പൊലീസ് പറഞ്ഞു, കൊല്ലും ; ആതിഖിന്റെ കത്ത്‌ സുപ്രീംകോടതിയിൽ നൽകും

MTV News 0
Share:
MTV News Kerala

ഉത്തർപ്രദേശിൽ പൊലീസ്‌ വലയത്തിൽ കൊല്ലപ്പെട്ട മുൻ എംപി ആതിഖ്‌ അഹ്‌മദിനും സഹോദരൻ അഷ്‌റഫിനും പൊലീസുകാരിൽനിന്നുതന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇരുവരുടെയും അഭിഭാഷകൻ.ബറേലിയിൽനിന്ന്‌ പ്രയാഗ്‌രാജിലേക്ക്‌ കൊണ്ടുവരുന്ന വഴി ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ വധഭീഷണി മുഴക്കിയെന്നാണ്‌ സഹോദരങ്ങളുടെ അഭിഭാഷകൻ അഡ്വ. വിജയ്‌മിശ്രയുടെ വെളിപ്പെടുത്തൽ. ‘രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങളെ വകവരുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌ അഷ്‌റഫ്‌ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥന്റെ പേര്‌ വെളിപ്പെടുത്തിയില്ല. എന്തെങ്കിലും പറ്റിയാൽ എല്ലാം വെളിപ്പെടുത്തുന്ന കത്തുകൾ സുപ്രീംകോടതിക്ക്‌ ഉൾപ്പെടെ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു’ –- അഡ്വ. വിജയ്‌മിശ്ര മാധ്യമങ്ങളോട്‌ പറഞ്ഞു.
അതേസമയം, വധിക്കപ്പെടുമെന്ന്‌ ആശങ്കയുണ്ടായിരുന്ന ആതിഖ്‌ രണ്ടാഴ്‌ചമുമ്പ്‌ സുപ്രീംകോടതിക്ക്‌ കത്ത്‌ തയ്യാറാക്കിയിരുന്നതായി ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. വധിക്കപ്പെട്ടാൽ ആരൊക്കെയാകും അതിന്റെ പിന്നിലെന്നത്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ ആതിഖ്‌ കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ മാധ്യമങ്ങൾ പറയുന്നത്‌. അഞ്ച്‌ പ്രമുഖ നേതാക്കളുടെ പേരുകളുണ്ടെന്നും സൂചനയുണ്ട്‌. മാർച്ച്‌ 26ന്‌ സബർമതി ജയിലിൽനിന്ന്‌ പ്രയാഗ്‌രാജിലേക്ക്‌ കൊണ്ടുപോകാൻ പുറത്തുകൊണ്ടുവന്നപ്പോൾ – ‘കൊല്ലും…കൊല്ലും..!’–- എന്ന്‌ മാധ്യമപ്രവർത്തകർ കേൾക്കേ ആതിഖ്‌ വിളിച്ചുപറഞ്ഞിരുന്നതും കത്തിലെ സംശയത്തെ ബലപ്പെടുത്തുന്നു.
വ്യാജഏറ്റുമുട്ടലിലൂടെ തങ്ങളെ വകവരുത്തുമെന്നായിരുന്നു ആതിഖിന്റെ കണക്കുകൂട്ടൽ. തുടർന്നാണ്‌ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതിയെ സമീപിച്ചത്. എ ന്നാൽ, അലഹബാദ്‌ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച്‌ മാർച്ച്‌ 28ന്‌ ഹർജി തള്ളി. രണ്ടാഴ്ചയ്‌ക്കുശേഷം മകൻ അസദിനെ യുപി പൊലീസ്‌ വെടിവച്ച്‌ കൊന്നു.
അതേസമയം, ആതിഖ്‌ അഹ്‌മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങളെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജികളെത്തി. 2018നുശേഷം യുപിയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നാണ്‌ അഡ്വ. വിശാൽ തിവാരിയുടെ ഹർജിയിലെ ആവശ്യം. ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥൻ അമിതാഭ്‌താക്കൂറും കോടതിയെ സമീപിച്ചിട്ടുണ്ട്‌.
സബർമതി ജയിലിലായിരുന്ന ആതിഖിനെ പ്രയാഗ്‌രാജിലേക്ക്‌ മാറ്റിയതിനു പിന്നാലെയാണ്‌ അദ്ദേഹത്തെയും സഹോദരനെയും ശനിയാഴ്‌ച രാത്രി ബജ്‌റംഗദൾ പ്രവർത്തകനടക്കം മൂന്നുപേർ ജയ്‌ശ്രീറാം വിളിച്ചുകൊണ്ട്‌ വെടിവച്ചുകൊന്നത്‌.

Share:
Tags:
MTV News Keralaഉത്തർപ്രദേശിൽ പൊലീസ്‌ വലയത്തിൽ കൊല്ലപ്പെട്ട മുൻ എംപി ആതിഖ്‌ അഹ്‌മദിനും സഹോദരൻ അഷ്‌റഫിനും പൊലീസുകാരിൽനിന്നുതന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇരുവരുടെയും അഭിഭാഷകൻ.ബറേലിയിൽനിന്ന്‌ പ്രയാഗ്‌രാജിലേക്ക്‌ കൊണ്ടുവരുന്ന വഴി ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ വധഭീഷണി മുഴക്കിയെന്നാണ്‌ സഹോദരങ്ങളുടെ അഭിഭാഷകൻ അഡ്വ. വിജയ്‌മിശ്രയുടെ വെളിപ്പെടുത്തൽ. ‘രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങളെ വകവരുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌ അഷ്‌റഫ്‌ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥന്റെ പേര്‌ വെളിപ്പെടുത്തിയില്ല. എന്തെങ്കിലും പറ്റിയാൽ എല്ലാം വെളിപ്പെടുത്തുന്ന കത്തുകൾ സുപ്രീംകോടതിക്ക്‌ ഉൾപ്പെടെ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു’ –- അഡ്വ. വിജയ്‌മിശ്ര മാധ്യമങ്ങളോട്‌...പൊലീസ് പറഞ്ഞു, കൊല്ലും ; ആതിഖിന്റെ കത്ത്‌ സുപ്രീംകോടതിയിൽ നൽകും