സ്‌കൂൾ തുറക്കുന്നതിന്‌ ഒരുക്കം തുടങ്ങി , ജൂൺ ഒന്നിന്‌ പ്രവേശനോത്സവം

MTV News 0
Share:
MTV News Kerala

മധ്യവേനലവധിക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന്‌ സംസ്ഥാനത്ത് ഒരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ ഒന്നിനാണ് പ്രവേശനോത്സവം. സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വരുന്ന അധ്യയനവർഷത്തേക്കുള്ള ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്‌. 2,82,47,520 ഒന്നാംവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു. 41.5 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട്‌ എല്ലാ ജില്ലയിലും സ്കൂൾ പിടിഎ പ്രസിഡന്റുമാരുടെ യോഗം മന്ത്രിയുടെ നേതൃത്വത്തിൽ മെയ് അഞ്ചുമുതൽ 15 വരെ നടക്കും. സർക്കാർ സ്കൂളുകളോടനുബന്ധിച്ച് പിടിഎകളുടെ നിയന്ത്രണത്തിലുള്ള അംഗീകൃത പ്രീ പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും മാർച്ചുവരെയുള്ള ഓണറേറിയം വിതരണം ചെയ്തു.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് -ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും. സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കാനുമുള്ള നടപടികൾ പിടിഎയുടെ സഹായത്തോടെ മെയ് 30നുമുമ്പ്‌ പൂർത്തിയാക്കും. സ്കൂളുകളിലെ പച്ചക്കറിത്തോട്ടം അവധിക്കാലത്ത് നശിച്ചുപോകാതിരിക്കാൻ പ്രാദേശിക കർഷകസമൂഹത്തിന്റെയും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ സ്കൂൾ ഉച്ചഭക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരിപാലിക്കാൻ നിർദേശം നൽകിയതായും- മന്ത്രി പറഞ്ഞു