അഹമ്മദാബാദ്
ഗോൾ വർഷിച്ച് ചാമ്പ്യൻമാരായ ഗോകുലം കേരള ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ അരങ്ങേറി. ആദ്യമത്സരത്തിൽ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിനെ 8–-2ന് മുക്കി.
നേപ്പാളുകാരി സബിത്ര ഭണ്ഡാരിയുടെ അഞ്ച് ഗോളാണ് മിന്നുംജയത്തിനാധാരം. ബൈസിക്കിൾ കിക്കിലൂടെ ഇന്ദുമതി കതിരേശൻ, ക്യാപ്‌റ്റൻ ദാങ്‌മെയ് ഗ്രെയ്‌സ്, വിവിയൻ അദേയ് എന്നിവരും ലക്ഷ്യംകണ്ടു. ഈസ്റ്റ് ബംഗാളിനായി റിംപ ഹൽദാർ, തുളസി ഹെംബ്രാം എന്നിവർ ആശ്വാസഗോൾ കുറിച്ചു.
ഈസ്റ്റ് ബംഗാളിനെതിരെ കളിയുടെ തുടക്കംതൊട്ടേ ഗോകുലം വനിതകൾ ആധിപത്യം പുലർത്തി. ആദ്യ ഏഴു മിനിറ്റിൽ മൂന്ന് ഗോളടിച്ചു. 22–-ാംമിനിറ്റിൽ സബിത്ര ഹാട്രിക് പൂർത്തിയാക്കി. 2020 സീസണിൽ ഗോകുലത്തിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകമായിരുന്നു ഈ ഇരുപത്തഞ്ചുകാരി. അന്ന് ആകെ 16 ഗോളടിച്ചു. ഇത്തവണയും മികവ് ആവർത്തിക്കുമെന്ന് ഉറപ്പിച്ചാണ് ആദ്യമത്സരം അവസാനിപ്പിച്ചത്. മധ്യനിരയിൽ ഗ്രെയ്‌സും പതിനേഴുകാരി ഷിൽക്കി ദേവിയുമാണ് ഗോകുലത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്റുമായി ഗോകുലം ഒന്നാമതെത്തി. ശനിയാഴ്‌ച സ്‌പോർട്‌സ് ഒഡിഷയുമായാണ് അടുത്തകളി. ലോർഡ്സ് എഫ്എയാണ് മറ്റൊരു മലയാളി ടീം.
ലീഗിലെ മറ്റു മത്സരങ്ങളിൽ മുംബൈ നൈറ്റ്‌സ് കഹാനി എഫ്‌സിയെ ഒരു ഗോളിന് കീഴടക്കി. സ്‌പോർട്‌സ് ഒഡിഷ, ഹോപ്‌സ് എഫ്‌സിയെ 3–-2നും മിസാക യുണൈറ്റഡ് മാത രുക്‌മാണി എഫ്‌സിയെ രണ്ട് ഗോളിനും തോൽപ്പിച്ചു
© Copyright - MTV News Kerala 2021
View Comments (0)