‘മഅ്ദനി കര്‍ണാടക ആവശ്യപ്പെട്ട യാത്രാ ചെലവ് നല്‍കണം’: സുപ്രീംകോടതി

MTV News 0
Share:
MTV News Kerala

അബ്ദുള്‍ നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക ചോദിച്ച ചെലവ് നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. കേരളത്തിലേക്ക് പോകണമെങ്കില്‍ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

അവശനിലയില്‍ കഴിയുന്ന മാതാപിതാക്കളെ കാണുന്നതിനുള്ള സുരക്ഷയ്ക്കായി അബ്ദുള്‍ നാസര്‍ മഅ്ദനി 56.63 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക പൊലീസ് മഅ്ദനിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മഅദ്‌നിയെ അനുഗമിക്കുക. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്.

ചികിത്സയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മഅദ്‌നി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നും മഅദ്‌നി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി. കേരളത്തിലേക്ക് പോകുമ്പോള്‍ മഅ്ദനിയുടെ സുരക്ഷ കര്‍ണാടക പൊലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅ്ദനി നല്‍കണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കര്‍ണാടക പൊലീസ് മഅ്ദനിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇതിനെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു