ചാറ്റ് ജിപിടി പോലുള്ള ചാറ്റ് ബോട്ടുകള്‍ മാനവരാശിയെ ഇല്ലാതാക്കും, മുന്നറിയിപ്പുമായി എഐയുടെ പിതാവ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയുടെ പിതാവായി കണക്കാക്കുന്ന ആളാണ് ജൊഫ്രി ഹിന്റണ്‍. ലോകം ഇനി എഐ സാങ്കേതിക വിദ്യയുടെ കാലത്തിലേക്കാണ് നീങ്ങുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ജൊഫ്രി ഹിന്റണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടങ്ങളെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ജൊഫ്രി ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക് വ്യവസായത്തെ അക്ഷരാര്‍ഥത്തില്‍ മാറ്റിവരച്ചാണ് നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ വിവിധ മേഖലകളില്‍ വലിയ സാന്നിധ്യമായതും കൂടുതല്‍ സ്വാധീനം ചെലുത്തി ജനസ്വീകാര്യത നേടിയതും. എഐ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ഹിന്റണ്‍ ഒടുവില്‍ അതുവഴി സംഭവിക്കാവുന്ന വലിയ ദുരന്തങ്ങളെ കുറിച്ചു കൂടി മുന്നറിയിപ്പു നല്‍കുകയാണ്.
ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകള്‍ വൈകാതെ സമൂഹത്തില്‍ വന്‍ദുരന്തം തന്നെ വരുത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്വയംഭരണാധികാരമുള്ള റോബോട്ടുകളും യുദ്ധക്കളങ്ങളില്‍ പ്രവേശിക്കുമെന്നത് അദ്ദേഹത്തെ ഭയപ്പെടുത്തുന്നതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്ക ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഓപ്പണ്‍ എഐ, കഴിഞ്ഞ മാര്‍ച്ചില്‍ ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതോടെയാണ് ലോകത്ത് എഐ സാങ്കേതിക വിദ്യ തരംഗമാകുന്നത്. പിന്നീട് ഗൂഗിളും മൈക്രോസോഫ്റ്റുമടക്കം നിരവധി കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ എഐ ഉണ്ടാക്കാന്‍ പോകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.നിര്‍മിത ബുദ്ധി? രംഗത്തെ അക്കാദമിക സംഘടനയായ അസോസിയേഷന് ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിലവിലെ ഭാരവാഹികളും മുന്‍ നേതാക്കളുമടക്കം 19 പേര് പുറത്തിറക്കിയ കത്തും വലിയ ഭീഷണിയെ കുറിച്ച് സൂചനകള്‍ നല്കി. മൈക്രോസോഫ്റ്റ് ചീഫ് സയന്റിഫിക് ഓഫീസര്‍ എറിക് ഹോര്‍വിറ്റ്സ് അടക്കമുള്ളവരായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
അതിഭീകരനായ ഒരു ജീവിയെ കാട്ടിലേക്ക് തുറന്നു വിടുംപോലെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. തെറ്റായ വിവരങ്ങള്‍ പരത്താനുള്ള ഒരു ഉപകരണമായി ചാറ്റ്ബോട്ടുകള്‍ മാറുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. തൊഴില്‍ മേഖലയിലും ഭീഷണി സൃഷ്ടിക്കും. എഐ മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിനു തന്നെ ആശങ്ക ഉയര്‍ത്തുമെന്ന വിമര്‍ശനങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)