കോൺഗ്രസിന് ഗുണമായത് ലിംഗായത്ത്‌, വൊക്കലിഗ പിന്തുണ

MTV News 0
Share:
MTV News Kerala

38 വർഷമായി ഒരു കക്ഷിയും ഭരണത്തുടർച്ച നേടാത്ത കർണാടകം ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. അഞ്ചു വർഷത്തിനുശേഷം കോൺഗ്രസിന്‌ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ അവസരമൊരുക്കിയത്‌ പ്രാദേശിസാമുദായിക ശക്തികളുടെ പിന്തുണ. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും തീവ്രവർഗീയ പ്രചാരണവും സൃഷ്ടിച്ച കോലാഹലങ്ങൾക്കുശേഷം മാറിമറിഞ്ഞ ജാതി സമുദായ പിന്തുണയും ഭരണവിരുദ്ധവികാരവും കോൺഗ്രസിന്‌ അനുകൂലമായി. ഭരണവിരുദ്ധവികാരം മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഇറക്കിയ വർഗീയ കാർഡിനെ മതനിരപേക്ഷ മനസ്സുള്ള കന്നഡികർ കീറിയെറിഞ്ഞു. ബിജെപി പ്രകടനപത്രികയിൽ അവതരിപ്പിച്ച ഹിജാബ്, ലൗജിഹാദ്, ഏകീകൃത സിവിൽ കോഡ്, എൻആർസി തുടങ്ങിയ വിഷയങ്ങളൊന്നും ഏശിയില്ല. മുസ്ലിങ്ങൾക്കുണ്ടായിരുന്ന നാലു ശതമാനം ഒബിസി സംവരണം എടുത്തു കളഞ്ഞ്‌ രണ്ടു ശതമാനംവീതം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക്‌ അനുവദിച്ചതും പട്ടികജാതി സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്തിയതും ബിജെപിക്ക്‌ തിരിച്ചടിയായി. പരമ്പരാഗതമായി ജെഡിഎസിന്‌ ലഭിച്ചിരുന്ന ഒരു വിഭാഗം വോട്ടുകൾ ഇത്തവണ കോൺഗ്രസിലേക്ക്‌ മറിഞ്ഞു. 2018ലെ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചു ശതമാനം വോട്ട്‌ ജനതാദളിന്‌ കുറഞ്ഞപ്പോൾ ആ വോട്ടുകൾ കോൺഗ്രസിനാണ്‌ ലഭിച്ചത്‌.

ലിംഗായത്ത് (17 ശതമാനം), വൊക്കലിഗ (14 ശതമാനം) സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ന്യൂനപക്ഷങ്ങൾ ഒപ്പംനിന്നതും മുംബൈ കർണാടക, മധ്യ കർണാടക, ഹൈദരാബാദ്‌ കർണാടക, പഴയ മൈസൂരു, ബംഗളൂരു നഗരമേഖലകളിൽ കോൺഗ്രസിന്‌ മേൽക്കൈ നേടാൻ സഹായിച്ചു. ലിംഗായത്തുകളെ അധികം ആശ്രയിക്കാതെ വിശാലമായ ഹിന്ദുത്വ വോട്ട് അടിത്തറ സൃഷ്ടിക്കാനുള്ള മോദി–- അമിത്‌ ഷാ സഖ്യത്തിന്റെ രാഷ്ട്രീയതന്ത്രങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണിത്‌. മുംബൈ കർണാടക, മധ്യ കർണാടക മേഖലയിൽ ലിംഗായത്ത്‌ സമൂഹത്തിന്‌ സ്വാധീനമുള്ള 67 മണ്ഡലത്തിൽ 42 സീറ്റ്‌ ഇത്തവണ കോൺഗ്രസ്‌ നേടി. മൂന്നു പതിറ്റാണ്ട്‌ മുമ്പ്‌ നഷ്ടപ്പെട്ട ലിംഗായത്ത്‌ പിന്തുണയാണ്‌ കോൺഗ്രസ്‌ തിരിച്ചുപിടിച്ചത്‌. കഴിഞ്ഞ തവണ 41 സീറ്റ്‌ നേടിയ ബിജെപി 20ൽ ഒതുങ്ങി. ബി എസ്‌ യെദ്യുരപ്പ, ജഗദീഷ്‌ ഷെട്ടാർ, ലക്ഷ്‌മൺ സാവന്ത്‌ ഉൾപ്പെടെയുള്ള ലിംഗായത്ത്‌ സമുദായ നേതാക്കളെ മുന്നിൽ നിർത്തി മത്സരിച്ചപ്പോഴാണ്‌ സമുദായ പിന്തുണയിൽ ബിജെപി മുന്നിലെത്തിയത്‌. വൊക്കലിഗ സ്വാധീനമേഖലയിലും കോൺഗ്രസ്‌ മുന്നേറ്റം നടത്തി. പഴയ മൈസൂരു മേഖലയിൽ പ്രധാന വോട്ടുബാങ്കായ വൊക്കലിഗ സമുദായത്തിലെ ഭൂരിഭാഗവും ജെഡിഎസിനെയാണ്‌ പരമ്പരാഗതമായി പിന്തുണച്ചിരുന്നത്‌. ഡി കെ ശിവകുമാർ പിസിസി പ്രസിഡന്റായതോടെ വൊക്കലിഗ സമുദായത്തിലെ വലിയൊരു വിഭാഗം കോൺഗ്രസിലേക്ക്‌ മാറി. ജെഡിഎസ്‌ നേതാവ്‌ കുമാര സ്വാമിയുടെ പ്രാധാന്യം നഷ്ടപ്പെട്ടതും ഇതിനൊരു കാരണമാണ്‌. ഭാവി മുഖ്യമന്ത്രിയായാണ്‌ ശിവകുമാറിനെ സമുദായം കാണുന്നത്‌. ഈ സമുദായത്തിന്‌ ഭൂരിപക്ഷമുള്ള 44 മണ്ഡലത്തിൽ 23 ഇടത്തും കോൺഗ്രസ്‌ വിജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റ്‌ നേടിയ ജെഡിഎസ്‌ ഒമ്പതിടത്ത്‌ ഒതുങ്ങി. 11 സീറ്റിൽ ബിജെപി. ദളിത്‌ വിഭാഗങ്ങൾക്ക്‌ സ്വാധീനമുള്ള 39 മണ്ഡലത്തിൽ 25ഉം കോൺഗ്രസ്‌ നേടി. ജെഡിഎസ്‌ ആറും ബിജെപി ഏഴും. ആദിവാസി സ്വാധീനമേഖലയിലെ 10 സീറ്റും മുസ്ലിം സ്വാധീനമേഖലകളിലെ 18ൽ 13 സീറ്റും കോൺഗ്രസ്‌ നേടി.

Share:
Tags:
MTV News Kerala38 വർഷമായി ഒരു കക്ഷിയും ഭരണത്തുടർച്ച നേടാത്ത കർണാടകം ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. അഞ്ചു വർഷത്തിനുശേഷം കോൺഗ്രസിന്‌ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ അവസരമൊരുക്കിയത്‌ പ്രാദേശിസാമുദായിക ശക്തികളുടെ പിന്തുണ. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും തീവ്രവർഗീയ പ്രചാരണവും സൃഷ്ടിച്ച കോലാഹലങ്ങൾക്കുശേഷം മാറിമറിഞ്ഞ ജാതി സമുദായ പിന്തുണയും ഭരണവിരുദ്ധവികാരവും കോൺഗ്രസിന്‌ അനുകൂലമായി. ഭരണവിരുദ്ധവികാരം മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഇറക്കിയ വർഗീയ കാർഡിനെ മതനിരപേക്ഷ മനസ്സുള്ള കന്നഡികർ കീറിയെറിഞ്ഞു. ബിജെപി പ്രകടനപത്രികയിൽ അവതരിപ്പിച്ച ഹിജാബ്, ലൗജിഹാദ്,...കോൺഗ്രസിന് ഗുണമായത് ലിംഗായത്ത്‌, വൊക്കലിഗ പിന്തുണ