സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു; ജനസംഖ്യ കൂടി

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം:
സംസ്ഥാന ജനസംഖ്യ മൂന്നരക്കോടി കടക്കുമ്ബോഴും ജനനനിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2011ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്ബോള്‍ സംസ്ഥാനത്ത് ജനനനിരക്ക് ക്രമേണ കുറയുകയാണ്. 10 വര്‍ഷം മുമ്ബ് 1000 പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇന്നത് 12 ആയി താഴ്ന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.56 ല്‍നിന്ന് 1.46 ആയി കുറഞ്ഞു.

ദേശീയതലത്തില്‍ 2.05 ആണ് പ്രത്യുല്‍പാദന നിരക്ക്. 2021 ല്‍ 54.21 ശതമാനം സ്വാഭാവിക പ്രസവം നടന്നപ്പോള്‍ 42.67 ശതമാനം സിസേറിയനായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് 25 – 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളില്‍ 36.35 ശതമാനം ഈ പ്രായക്കാരുടേതാണ്. ശിശുമരണനിരക്ക് 5.13 ല്‍നിന്ന് 5.05 ആയി കുറഞ്ഞു. കൂടുതല്‍ ചികിത്സ സൗകര്യമുള്ള നഗരമേഖലയിലാണ് ശിശുമരണം കൂടുതല്‍ സംഭവിക്കുന്നത്. 2021ല്‍ മരിച്ച 2121 ശിശുക്കളില്‍ 1,307 പേര്‍ നഗരമേഖലയിലും 814 പേര്‍ ഗ്രാമമേഖലയിലുമാണ്. അതേസമയം, ആകെ ജനസംഖ്യ മൂന്നരക്കോടി കഴിഞ്ഞു. 1.68 കോടി പുരുഷന്മാരും 1.82 കോടി സ്ത്രീകളും ചേര്‍ന്ന് ആകെ 3,51,56,007 ആയി. മുൻ വര്‍ഷം 3,49,93,356 ആയിരുന്നു. 2021 ല്‍ 7.17 ആയിരുന്ന മരണനിരക്ക് കോവിഡ് അനന്തര കാലത്ത് 9.66 ആയി ഉയര്‍ന്നു. സംസ്ഥാന ജനസംഖ്യയില്‍ കൂടുതലും 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് 62 ശതമാനം വരും.

2020 ല്‍ കേരളത്തില്‍ 4.46 ലക്ഷം പേര്‍ ജനിച്ചപ്പോള്‍ 2021 ല്‍ ഇത് 4.19 ലക്ഷമായി കുറഞ്ഞു. മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തില്‍നിന്ന് 3.39 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 2021ല്‍ മരിച്ചവരില്‍ 54.76 ശതമാനം പുരുഷന്മാരും 45.24 ശതമാനം സ്ത്രീകളുമാണ്. 12.96 ശതമാനവുമായി മരണനിരക്കില്‍ മുന്നില്‍ പത്തനംതിട്ട ജില്ലതാണ് മുന്നിലെങ്കില്‍ 6.26 ശതമാനമുള്ള മലപ്പുറത്താണ് കുറവ്.