പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി.
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സെപ്റ്റംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിന്റെ നിലപാട് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു.
എന്നാൽ നിലപാട് അറിയിക്കാൻ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് ആവശ്യപ്പെട്ടു. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാം ക്ലളാസ് വിദ്യാത്ഥികൾക്കായി നടത്തുന്ന സംസ്ഥാന ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജികളിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
അസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്താൻ നിലവിൽ തീരുമാനിച്ചിരിക്കുന്ന ഏക സംസ്ഥാനം ആന്ധ്രപ്രദേശാണ്. വിദ്യാർത്ഥികൾക്ക് പ്രതീക്ഷയയുടെ കിരണങ്ങളാണ് നൽകേണ്ടതെന്നും, അല്ലാത്തെ അനിശ്ചിതത്വം അല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
© Copyright - MTV News Kerala 2021
View Comments (0)