മാവൂർ : മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിൽ നിർമിച്ച കൂളിമാട് പാലം ബുധനാഴ്‌ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. കൂളിമാട് അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷനാകും.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കുന്നതിനുള്ളതെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് നാട്ടുകാരും ജനകീയ കൂട്ടായ്‌മകളും.
കിഫ്ബിയിൽനിന്നുള്ള 25 കോടിരൂപ ചെലവിലാണ് പാലം നിർമിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 12 സ്‌പാനാണുള്ളത്. ഇതിൽ 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്‌പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ള അഞ്ച് സ്‌പാനുകൾ കരയിലുമാണ്.
13 തൂണും ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നിർമാണഘട്ടത്തിൽ മപ്രം ഭാഗത്തെ സ്‌പാൻ തകർന്നുവീണിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)