അരുംകൊല നടന്ന ഹോട്ടല്‍മുറിയില്‍ ഷിബിലിയും ഫര്‍ഹാനയും; കോഴിക്കോട്ട് തെളിവെടുപ്പ്
കോഴിക്കോട്: സിദ്ദിഖ് കൊലക്കേസിൽ പ്രതികളുമായി ബുധനാഴ്ചയും തെളിവെടുപ്പ്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
സിദ്ദിഖ് കൊലക്കേസിലെ പ്രധാനപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി രാവിലെ പത്തുമണിയോടെയാണ് തിരൂരിൽനിന്നുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തിയത്. ഷിബിലിയെ മാത്രം ആദ്യം വാഹനത്തിൽനിന്ന് പുറത്തിറക്കി. തുടർന്ന് ഷിബിലിയുമായി കൊലപാതകം നടന്ന ‘ജി-04’ മുറിയിലേക്ക് അന്വേഷണസംഘം പോയി. ഈ സമയം ഫർഹാന മറ്റൊരു പോലീസ് വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഷിബിലിയുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഫർഹാനയെയും ഹോട്ടൽമുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടോ എന്ന് കണ്ടെത്താനാണ് രണ്ടുപേരെയും പ്രത്യേകമായി മുറികളിലെത്തിച്ച് പരിശോധന നടത്തുന്നത്.
പ്രതികൾ ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകളിലും ബുധനാഴ്ച തെളിവെടുപ്പുണ്ടാകും. സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിക്കാനായി കോഴിക്കോട് നഗരത്തിലെ കടയിൽനിന്നാണ് പ്രതികൾ ഇലക്ട്രിക് കട്ടർ വാങ്ങിയത്. മൃതദേഹം കൊണ്ടുപോകാനായി ട്രോളി ബാഗുകളും വാങ്ങിയിരുന്നു. ഇവിടങ്ങളിലും ബുധനാഴ്ച തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസ് നൽകുന്നവിവരം.
കഴിഞ്ഞദിവസം മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലും ചെർപ്പുളശ്ശേരിയിലെ ഫർഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടി ചുരത്തിലെ തെളിവെടുപ്പിനിടെ പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ മൊബൈൽഫോണും കണ്ടെടുത്തു. ഫർഹാനയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൊലപാതകസമയത്ത് ധരിച്ച വസ്ത്രങ്ങൾ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)