കർണാടക തന്ത്രങ്ങളുമായി മധ്യപ്രദേശ് പിടിയ്ക്കാൻ കോൺഗ്രസ്; 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി

MTV News 0
Share:
MTV News Kerala

കർണാടകയിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തറ പറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ മധ്യപ്രദേശും പിടിയ്ക്കാൻ കോൺഗ്രസ്. ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എൽ.പി.ജി. സിലിണ്ടർ, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക് നൽകും, കർഷകരുടെ വായ്പകൾ എഴുതിത്തള്ളും, പഴയ പെൻഷൻ പദ്ധതി തിരിച്ച് കൊണ്ട് വരും തുടങ്ങിയ പ്രഖ്യാപനങ്ങലാണ് പ്രിയങ്ക ഗാന്ധി നടത്തിയത്.

മധ്യപ്രദേശിലെ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ജബൽപുർ ജില്ലയിൽ ആരംഭിച്ചു. അവിടെ നടന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി സംസാരിച്ചു. ബിജെപിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസം​ഗം. “ബിജെപി നിരവധി പ്രഖ്യാപനങ്ങൾ നടത്തുമെങ്കിലും ഒരു കാര്യവും നടപ്പാക്കുകയില്ല. അവർ ഡബിൾ എൻജിനെ കുറിച്ചും ട്രിപ്പിൾ എൻജിനെ കുറിച്ചും ഹിമാചൽ പ്രദേശിലും കർണാടകയിലും പറഞ്ഞിരുന്നു. എന്നാൽ അവരോട് പ്രവർത്തിച്ചു കാണിക്കാനാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്”. – പ്രിയങ്ക വിമർശിച്ചു.

“ഹിമാചലിലും ഛത്തീസ്ഗഢിലും കോൺ​ഗ്രസ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസാണ് അധികാരത്തിലെത്തിയത്. എന്നാൽ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ സർക്കാരിനെ വീഴ്ത്തി, അവരുടെ സർക്കാർ രൂപവത്കരിക്കുകയായിരുന്നു. പണത്തിന്റെ ശക്തികൊണ്ട് ജനവിധിയെ മറികടക്കാനാണ് ബിജെപിയുടെ ശ്രമം”. – പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു.