ഇരുചക്ര അപകടങ്ങൾ കൂടുതൽ, അതു കൊണ്ടാണ് വേഗപരിധി കുറച്ചത്: മന്ത്രി ആൻ്റണി രാജു
ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു. വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട് ചേർന്നു നിൽക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രം മാറ്റം വരുത്തും. റോഡുകളിൽ വലിയ മാറ്റം ഉണ്ടായി. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിക്കുകയായിരുന്നു.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.
© Copyright - MTV News Kerala 2021
View Comments (0)