തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം; എല്‍ഡിഎഫിനൊപ്പം പോയ വിമതന്‍ തിരിച്ചെത്തി.
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. വര്‍ഗീസ് പ്ലാശ്ശേരിയാണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണയായി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സാഹചര്യമുണ്ടായത്. തുടര്‍ന്ന് എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം15ന് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
43 അംഗ തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന് 21, എല്‍ഡിഎഫിന് 17, കോണ്‍ഗ്രസ് വിമതര്‍ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വര്‍ഷം, ഐ ഗ്രൂപ്പിലെ അജിത തങ്കപ്പന്‍ നഗരസഭ ഭരിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ അജിത തങ്കപ്പന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അജിതയെ രാജിവെപ്പിച്ച് എ ഗ്രൂപ്പിലെ രാധാതങ്കമണിയെ ചെയര്‍പേഴ്‌സണാക്കാന്‍ യുഡിഎഫിനകത്ത് ചര്‍ച്ച തുടരുമ്പോഴാണ് എല്‍ഡിഎഫ് വിമതരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചത്.
രാധാമണി ചെയര്‍പേഴ്സണാകുന്നതില്‍ വിയോജിപ്പുള്ള ഐ ഗ്രൂപ്പ് അംഗങ്ങള്‍ ചെയര്‍പേഴ്സണ്‍ രാജി വയ്ക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പണക്കിഴി വിവാദമടക്കം വിവിധ വിഷയങ്ങള്‍ രാധാമണി പിള്ളയുടെ ചരടുവലിയാണെന്നാണ് ഐ ഗ്രൂപ്പ് അംഗങ്ങളുടെ പരാതി.
© Copyright - MTV News Kerala 2021
View Comments (0)