പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് കൈമാറി കണ്ണൂര്‍ സര്‍വ്വകലാശാല

MTV News 0
Share:
MTV News Kerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചു. നീലേശ്വരം കാമ്പസിലാണ് പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നിയമനം സംബന്ധിച്ച ഉത്തരവ് സര്‍വ്വകലാശാല പ്രിയയ്ക്ക് കൈമാറി. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യത ഉണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2018 ചട്ട പ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് യുജിസി ഹൈക്കോടതിയില്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയും നിയമനം ശരിവെക്കുകയുമായിരുന്നു.

2018ലെ യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അധ്യാപന പരിചയം എട്ട് വര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിക്ക് പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പ്രകാരം മൂന്ന് വര്‍ഷം പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് ഡീന്‍ ആയി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്ത രണ്ട് വര്‍ഷവും ചേര്‍ത്താണ് അധ്യാപന പരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലയളവും സ്റ്റുഡന്റ് ഡീന്‍ ആയി ജോലി ചെയ്ത കാലയളവും അധ്യാപന പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നാണ് യുജിസി വാദം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് യുജിസി തീരുമാനം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം ലഭിച്ചതിന് പിന്നാലെ യുജിസിയുടെ നിയമവിഭാഗം കൂടിയാലോചനകള്‍ തുടങ്ങി. ഒരു മാസത്തിനകം അപ്പീല്‍ നല്‍കാനാണ് നീക്കം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുജിസി ആവശ്യപ്പെട്ടേക്കും.