ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ?; ഇൻസ്റ്റഗ്രാമും പോകും!

MTV News 0
Share:
MTV News Kerala

മെറ്റയുടെ പുതിയ പ്ലാറ്റ്‌ഫോമായ ‘ത്രെഡ്സ്’ സോഷ്യൽ മീഡിയ ലോകത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ട്വിറ്ററിന് ഒരു എതിരാളിയായി അവതരിപ്പിച്ച പ്ലാറ്റ്‌ഫോമിൽ ആദ്യ ദിവസം കൊണ്ട് തന്നെ മൂന്ന് കോടിയിലധികം പേരാണ് സൈൻ അപ്പ് ചെയ്തത്. മാർക്ക് സക്കർബർഗും സംഘവും കൊണ്ടുവന്ന ത്രെഡ്സ് തരംഗമാവുമ്പോൾ, അതിൽ ചെറിയ ഒരു ട്വിസ്റ്റുണ്ട്… ഒരിക്കൽ ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങിയാൽ പിന്നെ അത് ഡിലീറ്റ് ചെയ്യണമെങ്കിൽ ചെറിയ ഒരു വിലയും കൂടി കൊടുക്കേണ്ടി വരും, നിങ്ങളുടെ ‘ഇൻസ്റ്റഗ്രാം അക്കൗണ്ട്’ തന്നെ!

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ മാത്രമേ ത്രെഡ്സ് പ്രൊഫൈലും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ‘നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ത്രെഡ്സ് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാം, എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ മാത്രമേ ത്രെഡ്‌സ് പ്രൊഫൈൽ ഇല്ലാതാക്കാൻ കഴിയൂ,’ ത്രെഡ്സിന്റെ പ്രൈവസി പോളിസിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മെറ്റയുടെ ഈ നടപടിയിൽ നിരവധിപ്പേർ ഇതിനകം എതിർപ്പ് അറിയിച്ചിട്ടുണ്ട്. നിബന്ധനകളും വ്യവസ്ഥകളും വായിക്കാതെയാണ് സൈൻ അപ്പ് ചെയ്തിരിക്കുന്നത് എന്നും പല ഉപയോക്താക്കളും പറഞ്ഞു.

ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസെരി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന സൂചനകൾ നൽകിയിട്ടുണ്ട്. “നിങ്ങളുടെ ത്രെഡ്സ് അക്കൗണ്ട് മാത്രമായി ഡിലീറ്റ് ചെയ്യാനുള്ള വഴി നോക്കുകയാണ്”, അദ്ദേഹം അറിയിച്ചു. എന്നാൽ എത്രനാളുകൾക്കുളളിൽ ഇത് സാധ്യമാകുമെന്ന് ആദം മൊസെരി വ്യക്തമാക്കിയിട്ടില്ല.