പുതിയ ഹൈടെക് സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് കക്കാട് ഒരുങ്ങി; വിദ്യാഭ്യാസ മന്ത്രി നാളെ കക്കാടിൽ

MTV News 0
Share:
MTV News Kerala

മുക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിനായി പുതുതായി പണിയുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമം (ജൂലൈ 9ന്) ഞായറാഴ്ച രാവിലെ 11ന് നടക്കും. സ്‌കൂൾ വികസന സമിതിയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നാട്ടുകാരും പ്രവാസികളും കാരശ്ശേരി ഗ്രാമപഞ്ചായത്തും ചേർന്ന് വിലകൊടുത്തു വാങ്ങിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് വിഷൻ 2025 പദ്ധതിയുടെ ഭാഗമായി അത്യാധുനിക കെട്ടിട സമുച്ചയം യാഥാർത്ഥ്യമാവുക.

തിരുവമ്പാടി എം.എൽ.എയായിരുന്ന ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 1 കോടി 34 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുക. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഉബൈബ റിപ്പോർട്ട് അവതരിപ്പിക്കും.

മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയാകും. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി ജമീല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാന്താദേവി മൂത്തേടത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എടത്തിൽ ആമിന, കെ.പി ഷാജി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ്, മുക്കം എ.ഇ.ഒ വി ദീപ്തി ടീച്ചർ, കുന്ദമംഗലം ബി.പി.സി പി.എൻ അജയൻ, വിവിധ സംഘടനാ പ്രതിനിധികളായി കെ.പി വിനു, സമാൻ ചാലൂളി, പി.കെ രതീഷ്, ടി.എം സുബൈർ ബാബു, കെ.സി അബ്ദുൽമജീദ്, അരുൺ തോമസ് കിഴക്കേമുറി, എ.പി മോയിൻ, പി.കെ ഷംസുദ്ദീൻ, സംഘാടക സമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, സ്‌കൂൾ കമ്മിറ്റി ഭാരവാഹികളായ കെ.സി റിയാസ്, കെ ലുക്മാൻ, കമറുന്നീസ മൂലയിൽ, സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

പ്രതികൂല കാലാവസ്ഥയിലും ജനങ്ങൾക്ക് പരിപാടി വീക്ഷിക്കാൻ കക്കാട് അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൻ പന്തലാണ് ഒരുക്കിയിട്ടുള്ളത്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം വരാനിരിക്കുന്ന തലമുറയുടെ അവകാശമാണെന്ന നിലയ്ക്ക് അവരുടെ ഭാവി മുമ്പിൽ കണ്ട്, ദീർഘവീക്ഷണത്തോടെയുള്ള, അതിബൃഹത്തായ ഒരു മാതൃകാ വിദ്യാഭ്യാസ പദ്ധതിയാണ് വിഷൻ 2025 പദ്ധതിയിലൂടെ സ്കൂൾ ലക്ഷ്യമിടുന്നത്. 15000-ത്തിലേറെ സ്‌ക്വയർ ഫീറ്റിൽ പൂർണമായും സോളാറിൽ അഥവാ സൗരോർജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹരിതസൗഹൃദ വിദ്യാലയമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

അക്കാദമിക മികവിനൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്ന നൂതനവും വൈവിധ്യമാർന്നതുമായ പദ്ധതി ഇതിന്റെ പ്രത്യേകതയാണ്. ലിങ്ക്വിസ്റ്റിക് ലാബ്, ടാലന്റ് ലാബ്, ഡിജിറ്റൽ സ്മാർട്ട് ക്ലാസ്മുറികൾ, അന്താരാഷ്ട്ര നിലവാരമുള്ള സയിൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ, ഹൈടെക്ക് കിച്ചൺ ആൻഡ് ക്യാന്റീൻ, വിശാലമായ ലൈബ്രറി, പൊതുസ്റ്റേജ്, ജൈവ വൈവിധ്യ ഉദ്യാനം, ഓഡിറ്റോറിയം എന്നിങ്ങനെയുള്ള വിവിധ സൗകര്യങ്ങളും സമുച്ചയത്തിലും അതോട് ചേർന്നുമുണ്ടാവും. കരിയർ ഗൈഡൻസ്, സ്‌കോളർഷിപ്പ് ആൻഡ് കൗസലിങ് സെന്റർ എന്നിവയിലും അനുബന്ധ സേവനം ലഭ്യമാക്കാൻ ശ്രമിക്കും.

ഭിന്നശേഷി വിദ്യാർത്ഥിക്കു പുറമെ, സർക്കാർ പറമ്പ്, മാടകശ്ശേരി എന്നി രണ്ട് എസ്.സി കോളനികളിലെ കുട്ടികൾ അടക്കം 250-ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്താനാണ് ശ്രമം.

പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവിന്റെ വഴിയിൽ മുന്നോട്ട് കുതിക്കുന്ന സ്‌കൂളിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 10 ഡിവിഷനുകളിലായി അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റാണ് സ്‌കൂൾ പി.ടി.എ നൽകിവരുന്നത്. ഓരോ ക്ലാസിലെയും എല്ലാ വിഷയങ്ങൾക്കും അതത് ക്ലാസുകളിലെ ടോപ്പർക്കും പുറമെ എൽ.എസ്.എസ് വിജയികൾ, ഓരോ ക്ലാസിലെയും മികച്ച ലൈബ്രറി വായനക്കാർ, കലാ-കായിക രംഗത്തെ മികവിനുമെല്ലാം അയ്യായിരം രൂപ വീതമുള്ള 11 എൻഡോവ്‌മെന്റുകളാണ് സ്‌കൂളിൽ നൽകുന്നത്. ഇതിന് പുറമെ ഈ വർഷം മുതൽ വിവിധ ക്ലാസുകൾ തമ്മിൽ ആരോഗ്യകരമായ മത്സരത്തിനും ശുചിത്വബോധം പകരുന്നതിനുമായി അയ്യായിരം രൂപയുടെ എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് എൻഡോവ്‌മെന്റുകളെല്ലാം സ്‌കൂളിലെ വിദ്യാർത്ഥികളുടെ വ്യക്തിഗത മികവിനാണെങ്കിൽ ശുചിത്വ എൻഡോവ്‌മെന്റ് അതത് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളും ചേർന്നുള്ള കൂട്ടായ്മയുടെ തിളക്കമാർന്ന ഇടപെടലുകൾക്കുള്ള അയ്യായിരം രൂപയുടെ വിദ്യാഭ്യാസ ഉപഹാരമായിരിക്കും.

കഴിഞ്ഞ പഞ്ചായത്ത് കായികമേളയിൽ റണ്ണേഴ്‌സപ്പായ സ്‌കൂളിൽ ഈ വർഷം ഉപജില്ലാ തലത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കാനും സ്‌കൂൾ പി.ടി.എ തീരുമാനിച്ചിട്ടുണ്ട്.
സ്‌കൂളിന്റെ തറക്കല്ലിടൽ കർമം വൻ വിജയമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എല്ലാവരും.