പറഞ്ഞത് പോലെ 38 പാര്‍ട്ടികള്‍; പ്രതിപക്ഷത്തിന് മറുപടിയായി എന്‍ഡിഎയുടെ ശക്തിപ്രകടനം
ഇന്ത്യ’ എന്ന പേര് പ്രഖ്യാപനത്തോടെ അവസാനിച്ച പ്രതിപക്ഷത്തിന്റെ മഹായോഗത്തിന് പിന്നാലെ 38 പാര്‍ട്ടികളുടെ ശക്തിപ്രകടനവുമായി എന്‍ ഡി എ യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്ത എന്‍ ഡി എ യോഗത്തോടെ ഒരു വര്‍ഷം മാത്രം ശേഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യമൊരുങ്ങുകയാണ് എന്ന സൂചനയാണ് ദേശീയ രാഷ്ട്രീയത്തിന് ഈ ദിവസം സമ്മാനിക്കുന്നത്.എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ ഭൂരിഭാഗവും ചെറിയ സഖ്യകക്ഷികളാണ്. ഇവയില്‍ പല പാര്‍ട്ടികള്‍ക്കും എം പിമാര്‍ പോലുമില്ല. ഇന്നത്തെ കൂടിക്കാഴ്ചയില്‍ തങ്ങളുടെ ലോക്‌സഭാ സീറ്റ് എന്ന മോഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എയിലെ കുഞ്ഞന്‍ പാര്‍ട്ടികള്‍. ബി ജെ പി ഇതിനകം തന്നെ മിക്ക സംസ്ഥാനങ്ങളിലും പ്രബലരാണ്. തെക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കന്‍ മേഖലകളില്‍ ബിജെപി തങ്ങളുടെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ്
ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇടയില്‍ സ്വാധീനമുള്ള പാര്‍ട്ടികളെ കൂട്ടുപിടിച്ച് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തന്നെയാണ് ആത്യന്തികമായി ബി ജെ പിയുടെ ശ്രമം. ബിഹാറില്‍, നിതീഷ് കുമാര്‍ എല്ലാ പാര്‍ട്ടികളെയും മഹാഗത്ബന്ധനൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചിരാഗ് പാസ്വാന്‍ ഒപ്പം ചേര്‍ന്നത് ബി ജെ പിക്ക് ആശ്വാസമാണ്.
ചിരാഗ് പാസ്വാനും അമ്മാവന്‍ പശുപതി പരാസും തമ്മില്‍ അനുരഞ്ജനം നടത്താനാണ് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ ലോക് സംത പാര്‍ട്ടി (ഉപേന്ദ്ര സിംഗ് കുശ്വാഹ), വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (മുകേഷ് സഹാനി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ജിതിന്‍ റാം മാഞ്ചി) എന്നിവര്‍ കൂടി എന്‍ ഡി എയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യയില്‍ നടന്‍ പവന്‍ കല്യാണിന്റെ ജനസേനയെയും കേരള കോണ്‍ഗ്രസ് (തോമസ്) വിഭാഗത്തെയുമാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
‘ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ പങ്കാളികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണ്. ഞങ്ങളുടേത് കൂടുതല്‍ ദേശീയ പുരോഗതിക്കും പ്രാദേശിക അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും ശ്രമിക്കുന്ന സഖ്യമാണ്,’ എന്നാണ് യോഗത്തിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര ട്വീറ്റ് ചെയ്തത്
© Copyright - MTV News Kerala 2021
View Comments (0)