യൂത്ത് ലീഗ് പ്രതിഷേധത്തിനിടെ വിദ്വേഷ മുദ്രാവാക്യം: 300 പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി

MTV News 0
Share:
MTV News Kerala

മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.മുദ്രാവാക്യം വിളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. ഇതിന് പിന്നാലെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗും അറിയിച്ചു. ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി.