റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണം പിടിഎ റഹീം എംഎൽഎ.
പൊതുമരാമത്ത് റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് സാമൂഹ്യ ഉത്തരവാദിത്തമായി ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു. മാവൂർ എൻഐടി കൊടുവള്ളി റോഡ്, കളൻതോട് കൂളിമാട് റോഡ്, എൻഐടി വേങ്ങേരിമഠം റോഡ്, ആർഇസി മലയമ്മ കൂടത്തായി റോഡ് എന്നിവയുടെ പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കൽ ആവശ്യമുള്ള മാവൂർ എൻഐടി കൊടുവള്ളി റോഡിൽ അലൈൻമെന്റിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പുതിയ അതിര് കല്ലുകൾ സ്ഥാപിക്കുന്നതിനും സ്പെഷ്യൽ തഹസിൽദാരുടെയും കെആർഎഫ്ബിയുടെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി നടപടികൾ വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു. റോഡ് വികസനത്തിന് എൻഐടി കോമ്പൗണ്ടിൽ നിന്ന് ലഭ്യമാക്കേണ്ട സ്ഥലം സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ സ്കെച്ചും കത്തും നൽകാനും ആയത് ലഭ്യമാക്കുന്ന മുറക്ക് ഡയറക്ടറുടെ അംഗീകാരത്തോടെ ഭൂമി വിട്ടു നൽകുന്നതിന് തത്വത്തിൽ തീരുമാനമായതായും എൻഐടി പ്രതിനിധികൾ യോഗത്തെ അറിയിച്ചു. ആർഇസി മലയമ്മ കൂടത്തായി റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പ്രവൃത്തി തുടരുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കുന്ന വിഷയം കിഫ്ബി യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയതായി എംഎൽഎ പറഞ്ഞു. കളൻതോട് കൂളിമാട് റോഡ് പ്രവൃത്തി നടന്നുവരുന്നതായും പൈപ്പ് ലൈനുകളിൽ ചിലതെല്ലാം മാറ്റുന്നതിലുള്ള കാലതാമസവും റോഡ് അടച്ചിടുന്നതിൽ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നതായും കെആർഎഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യങ്ങൾ പ്രാദേശികമായി ചർച്ചചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ നടപടി സ്വീകരിക്കാൻ എംഎൽഎ നിർദ്ദേശിച്ചു.
എൻഐടി വേങ്ങേരിമഠം റോഡ് പ്രവൃത്തിയുടെ തുടക്കത്തിലുള്ള ഗ്രാമപഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഭാഗത്ത് പൈപ്പ് ലൈനുകൾ മാറ്റുന്നത് കുടിവെള്ള വിതരണം മുടങ്ങുന്നതിന് ഇടയാക്കുമെന്ന പരാതി പരിഹരിക്കുന്നതിന് ജലജീവൻ പദ്ധതി പൈപ്പ് ലൈൻ നീട്ടി കണക്ഷൻ കൊടുക്കുന്നതിനും കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാനും വേണ്ട നടപടികൾക്ക് എംഎൽഎ നിർദേശം നൽകി.
കെഎസ്ഇബിയുടെ ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം വരുന്നില്ലെന്നും റോഡുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യേണ്ട ഭാഗങ്ങളിൽ അവ നടത്തുന്ന മുറക്ക് താമസംവിനാ വൈദ്യുതിബോർഡിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് വരുന്നതായും കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. റോഡുകളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുവേണ്ടി കീറിയ ഭാഗങ്ങൾ ഗതാഗത യോഗ്യമാക്കുന്നതിൽ കെഡബ്ല്യുഎ സമയക്രമം പാലിക്കുന്നതിനും ആവശ്യമായ ഇടങ്ങളിൽ പൈപ്പ് ലൈനുകൾ മാറ്റുന്നതും പുതിയത് സ്ഥാപിക്കുന്നതുമായ പ്രവൃത്തികൾക്ക് അപേക്ഷ ലഭിക്കുന്ന മുറക്ക് അനുമതി നൽകുന്നതിനും വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രവൃത്തികൾ വൈകുന്നതിന് കാരണമാകുന്നതിനാൽ ആവശ്യമായ ഇടങ്ങളിൽ സംയുക്ത പരിശോധന നടത്തി ആശയക്കുഴപ്പങ്ങൾ തീർക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു.
പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽഗഫൂർ, വൈസ് പ്രസിഡണ്ട് എം സുഷമ, കൊടുവള്ളി നഗരസഭാ കൗൺസിലർമാരായ വി സിയ്യാലി ഹാജി, ഫൈസൽ കാരാട്ട്, ഹഫ്സത്ത് ബഷീർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എംടി പുഷ്പ, എംകെ വിദ്യുൽലത, ഷീസ സുനിൽകുമാർ, കെ ചന്ദ്രമതി, എ റീന, പ്രസീന പറക്കാപോയിൽ, പി ജയപ്രകാശ്, കെഎ റഫീഖ്, പികെ അബ്ദുൽ ഹക്കീം, ഇപി വൽസല, ശിവദാസൻ ബംഗ്ലാവിൽ, പിടി അബ്ദുറഹിമാൻ, എൻഐടി അസി. രജിസ്ട്രാർ എസ് രമേശ്, റവന്യൂ, കെആർഎഫ്ബി, പിഡബ്ല്യുഡി, കെഡബ്ല്യൂഎ, ജലജീവൻ, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)