രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന ഗുജറാത്തിലെ വിചാരണക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.എല്ലാ കള്ളന്മാര്ക്കും മോദിയെന്ന പേര് വന്നതെങ്ങനെ?’ എന്ന പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.
അപകീര്‍ത്തിക്കേസിലെ പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവ് വിധിക്കാനുള്ള കാരണങ്ങള്‍ വിചാരണക്കോടതി ജഡ്ജി കൃത്യമായി വിശദീകരിക്കേണ്ടിയിരുന്നുവെന്ന് ജസ്റ്റിസ് ഭൂഷണ് ആര് ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ജഡ്ജി അത് ചെയ്തില്ല. വിചാരണക്കോടതി വിധിക്ക് എതിരായ അപ്പീല്‍ തള്ളിയ സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ഈ നിയമവശം കണക്കിലെടുത്തില്ല.
രണ്ടുവര്‍ഷം തടവ് വിധിച്ചതു കൊണ്ടാണ് ജനപ്രാതിനിധ്യനിയമത്തിലെ 8(3) വകുപ്പ് പ്രകാരം എംപി സ്ഥാനത്തുനിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടത്. രാഹുലിനെ വോട്ട് ചെയ്ത് ജയിപ്പിച്ച മണ്ഡലത്തിലെ സമ്മതിദായകരുടെ അവകാശങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
© Copyright - MTV News Kerala 2021
View Comments (0)