അഭയാർഥി ക്യാമ്പുകൾക്കു നേരെ ആക്രമണം ; വൈദ്യുതിയും ഇന്ധനവും തടഞ്ഞു

MTV News 0
Share:
MTV News Kerala

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ അതിരൂക്ഷ വ്യോമാക്രമണം അഴിച്ചുവിട്ടതോടെ അഭയമറ്റ്‌ പലസ്‌തീൻ ജനത. പലസ്‌തീനിലേക്കുള്ള വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ ഇസ്രയേൽ തടഞ്ഞു. തീർത്തും ഒറ്റപ്പെട്ട ജനതയോട്‌ പ്രദേശംവിട്ടുപോകാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്ത്യശാസനം നൽകി.
സൈന്യവും ഗാസയിലേക്ക്‌ നീങ്ങി. സെൻട്രൽ ഗാസ സിറ്റിയിലെ ജനവാസമേഖലയിലെ ബഹുനില കെട്ടിടങ്ങൾ വ്യോമാക്രമണങ്ങളിൽ നിലംപൊത്തി. കുട്ടികളുടെയും ഗർഭിണിയുടെയും ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതുവരെ 20 കുട്ടികളടക്കം 375 പേർ കൊല്ലപ്പെട്ടു. 2200ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധിപേരെ ബന്ദികളാക്കി. ഖാൻ യൂനിസിലെ പള്ളിക്കുനേരെ ആക്രമണമുണ്ടായി. ഹമാസ്‌ രഹസ്യാന്വേഷണ തലവന്റെ വീട്‌ തകർത്തു. ഹമാസിന്റെ 426 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന്‌ ഇസ്രയേൽ അറിയിച്ചു. പരിക്കേറ്റവർക്ക്‌ വൈദ്യസഹായം ലഭിക്കാത്ത സ്ഥിതിയാണ്‌. 20,300 പേർ യുഎന്നിന്റെ അഭയാർഥി ഏജൻസി നടത്തുന്ന 44 സ്കൂളുകളിലായി അഭയം തേടി. നുസെയ്‌റത്ത്‌, ബുറെജ്‌ അഭയാർഥി ക്യാമ്പുകൾക്കുനേരെ ആക്രമണമുണ്ടായി. അധിനിവേശ വെസ്‌റ്റ്‌ ബാങ്കിനെയും ജോർദാനെയും ബന്ധിപ്പിക്കുന്ന കിങ്‌ ഹൂസൈൻ പാലം അടച്ചിട്ടു. ഇസ്രയേൽ ആക്രമണം നേരിടാൻ അറബ് ലീഗ് അടിയന്തര യോഗം ചേരണമെന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും മുന്നിൽ അന്താരാഷ്ട്ര സമൂഹം മൗനംപാലിക്കുന്നതിനെ പലസ്തീൻ അപലപിച്ചു.