ഇന്ന് ഇന്ത്യ പാക്ക് പോര്

MTV News 0
Share:
MTV News Kerala

ലോകകപ്പ്‌ ചരിത്രത്തിലെ എട്ടാം അധ്യായമാണ്‌ ഇന്ത്യയും പാകിസ്ഥാനും ഇന്ന്‌ അഹമ്മദാബാദിൽ തുറക്കുക. ഇതിനുമുമ്പ്‌ പരസ്‌പരം കണ്ട ഏഴ്‌ മത്സരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിന്റെ ഭാഗമായി. ഏഴ്‌ മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. സച്ചിൻ ടെൻഡുൽക്കർ, വസീം അക്രം, വെങ്കിടേഷ്‌ പ്രസാദ്‌, അമീർ സൊഹൈൽ… അങ്ങനെ ത്രസിപ്പിച്ചും ഉന്മാദിപ്പിച്ചും കടന്നുപോയ നീണ്ടനിരയുടെ ബാക്കി കഥയാണ്‌ ഇന്ന്‌. പുതിയ വേദിയിൽ ഇന്ത്യൻ അമരത്ത്‌ രോഹിത്‌ ശർമയാണ്‌. മറുവശം ബാബർ അസം നയിക്കുന്നു. ഉശിരുള്ള ബാറ്റിങ്‌നിരയുടെയും കൊടുങ്കാറ്റൂതുന്ന പേസ്‌നിരയുടെയും പോരാട്ടമാണ്‌ ഇന്ന്‌. പകൽ രണ്ടിനാണ്‌ കളി.
ഈ ലോകകപ്പിൽ മറ്റൊരു മത്സരത്തിനും കിട്ടാത്ത ആവേശമാണ്‌ ഇന്ത്യ–-പാകിസ്ഥാൻ കളിക്ക്‌. 1,32,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. കളികാണാനെത്തിയവർക്ക്‌ ഹോട്ടൽപോലും കിട്ടാത്ത അവസ്ഥ. ലോകകപ്പ്‌ ഉദ്‌ഘാടന മത്സരത്തിൽ ആളില്ലാത്തതിന്റെ ക്ഷീണംകൂടി മാറ്റണം ബിസിസിഐക്ക്‌.
രണ്ട്‌ കളിയും ജയിച്ചാണ്‌ ഇന്ത്യയും പാകിസ്ഥാനും അഹമ്മദാബാദിൽ എത്തിയത്‌. പാകിസ്ഥാൻ ഹൈദരാബാദിൽനിന്ന്‌ ദിവസങ്ങൾക്കുമുമ്പേയെത്തി. ഇന്ത്യൻ ടീം ചെന്നൈ കഴിഞ്ഞ്‌ ഡൽഹിയിലും കളിച്ചാണ്‌ അഹമ്മദാബാദിലേക്ക്‌ വിമാനം കയറിയത്‌.
മഴയുടെ ആശങ്കയുണ്ട്‌ അഹമ്മദാബാദിൽ. ഇടിയും മിന്നലുംനിറഞ്ഞ രാത്രിയായിരുന്നു കഴിഞ്ഞദിവസം. എന്നാൽ, ഇന്ന്‌ കളിയെ ഇതൊന്നും ബാധിക്കില്ലെന്നാണ്‌ സൂചന.
ഇന്ത്യ–-പാക്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ സെഞ്ചൂറിയനിലും മൊഹാലിയിലും മാഞ്ചസ്‌റ്ററിലും കണ്ട ആവേശപ്പോര്‌ തുടരാനാണ്‌ രോഹിതും ബാബറും ഇറങ്ങുന്നത്‌. കഴിഞ്ഞ പതിപ്പുകളിലെപ്പോലെതന്നെ ഇന്ത്യൻ ബാറ്റർമാരും പാക്‌ പേസർമാരും തമ്മിലായിരിക്കും മത്സരം. ഏഷ്യാകപ്പിലായിരുന്നു അവസാന പോര്‌. അന്ന്‌ ഇന്ത്യ ആധികാരികജയം സ്വന്തമാക്കി.
അവസാന കളിയിൽ അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ചുറിയടിച്ചതോടെ ക്യാപ്‌റ്റൻ രോഹിതും ഇന്ത്യൻ നിരയിൽ താളം കണ്ടെത്തി. വിരാട്‌ കോഹ്‌ലി രണ്ട്‌ അർധസെഞ്ചുറികളുമായി ഈ ലോകകപ്പിൽ ഒന്നാന്തരം തുടക്കമാണ്‌ കുറിച്ചിരിക്കുന്നത്‌. കെ എൽ രാഹുൽ ഓസീസിനെതിരായ കളിയിൽ തന്റെ മികവ്‌ കാണിച്ചുകൊടുത്തു. ശ്രേയസ്‌ അയ്യർ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങി ബാറ്റിങ്‌ നിരയുടെ നീളംകൂടും. ഇഷാൻ കിഷനുപകരം ശുഭ്‌മാൻ ഗിൽകൂടി തിരിച്ചെത്തിയാൽ ബാറ്റിങ്‌ നിര സമ്പൂർണം.
ബൗളിങ്‌ വിഭാഗത്തിൽ ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ സ്വന്തം നാട്ടിലാണ്‌ കളി. രണ്ട്‌ കളിയിൽ ആറ്‌ വിക്കറ്റുമായി ബുമ്രയും തുടങ്ങിക്കഴിഞ്ഞു. എന്നാൽ, പേസ്‌നിരയിലെ പങ്കാളി മുഹമ്മദ്‌ സിറാജിന്‌ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. മൂന്ന്‌ സ്‌പിന്നർമാരെ കളിപ്പിക്കാനാണ്‌ തീരുമാനമെങ്കിൽ ആർ അശ്വിൻ തിരിച്ചെത്തും. മറിച്ചായാൽ ശാർദുൽ ഠാക്കൂറിനുപകരം മുഹമ്മദ്‌ ഷമി പേസ്‌ നിരയ്‌ക്ക്‌ കരുത്തുനൽകും.
പാകിസ്ഥാന്‌ ക്യാപ്‌റ്റൻ ബാബർ അസം താളം കണ്ടെത്താത്തതാണ്‌ ആശങ്ക. ഫഖർ സമാനുപകരം ഓപ്പണറായെത്തിയ അബ്‌ദുള്ള ഷഫീഖ്‌ ശ്രീലങ്കയ്‌ക്കെതിരെ മിന്നി. വിക്കറ്റ്‌ കീപ്പർ മുഹമ്മദ്‌ റിസ്വാനാണ്‌ പാകിസ്ഥാന്റെ പ്രധാനതാരം.പേസ്‌നിര ഇടംകൈയൻ പേസർ ഷഹീൻ അഫ്രീദി നയിക്കുന്നു. ഹാരിസ്‌ റൗഫും ഹസ്സൻ അലിയുമാണ്‌ കൂട്ട്‌. ഇന്ത്യയുടെ മുൻനിര ബാറ്റർമാർക്ക്‌ ഇടംകൈയൻ പേസർമാർക്കെതിരെ മോശം റെക്കോഡാണ്‌.