കുന്ദമംഗലം: നട്ടുച്ചയ്ക്ക് വഴിതെറ്റി കോടതിയിൽക്കയറിയ കോഴിയെ ഒടുവിൽ ലേലത്തിൽ വിറ്റു.
ഇന്നലെ ഉച്ചയ്ക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. കോടതി നടപടികൾക്കിടയിലാണ് പിടക്കോഴി കോടതിയിലെത്തുന്നത്. ഉടൻ കോടതി നടപടികൾ അലങ്കോലപ്പെടാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കോഴിയെ പിടികൂടി പെട്ടിയിലടച്ചു. ആരുംവരാത്തതിനാൽ കോടതിയധികൃതർ വിവരം കുന്ദമംഗലം പോലീസിനെ അറിയിച്ചു.
കോടതി ഹെഡ്ക്ലാർക്ക് കുന്ദമംഗലം പോലീസിൽ പരാതിയും നൽകി.പരാതി കിട്ടേണ്ട താമസം മിന്നൽ വേഗത്തിൽ പോലീസ് എത്തി കോഴിയെ സ്റ്റേഷനിലേക്ക് മാറ്റി.തുടർന്ന് സമീപത്തെ വീടുകളിൽ എല്ലാം അന്വേഷിച്ചെങ്കിലും കോഴി നഷ്‌ടപ്പെട്ട വിവരം ആരും പറഞ്ഞില്ല.കോടതി സമീപത്തെ ഒരു വീട്ടിലെ കോഴി ആണെന്ന് പോലീസ് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.എന്നാൽ വീട്ടുകാർ ഉടമസ്ഥാവകാശം ഏറ്റെടുക്കാത്തതിനാൽ പോലീസിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഉടമസ്ഥനില്ലാത്ത വസ്തുകിട്ടിയാൽ ചെയ്യുന്ന നടപടിക്രമംപ്രകാരം 102 സി.ആർ.പി.സി. വകുപ്പുചേർത്ത് എഫ്.ഐ.ആർ. തയ്യാറാക്കി.കേസും രജിസ്റ്റർ ചെയ്തു.ജീവനുള്ള തൊണ്ടി മുതൽ കോടതി ഉത്തരവ് പ്രകാരം കസ്റ്റടിയിൽ എടുത്തതിനാൽ വൈകീട്ടോടെ വീണ്ടും കോടതിയിൽ തന്നെ ഹാജറാക്കി.
കോഴി സുരക്ഷിതമായി ജീവനോടെ ഉണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തി.ഉടമസ്ഥനില്ലെന്ന് ഉറപ്പായതോടെ കോഴിയെ കോടതി പരിസരത്ത് വച്ചു തന്നെ പിന്നീട് ലേലത്തിൽ വിൽക്കാനും ഉത്തരവുണ്ടായി.ഒരു ചാനലിന്റെ റിപ്പോർട്ടർ കോഴിയെ 100 രൂപയ്ക്ക് ലേലത്തിൽ വാങ്ങുകയും ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)