സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

MTV News 0
Share:

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കൂടാതെ മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്തും (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) തെക്കന്‍ തമിഴ്നാട് തീരത്തും (കൊളച്ചല്‍ മുതല്‍ കിലക്കരൈ വരെ) 24-10-2023 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.