ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാർ സ്ഥിരം വേദിയാകുമെന്ന്
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ
ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസത്തെ സംബന്ധിച്ച് പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നും വാട്ടർ സ്പോർട്സ് ഇനങ്ങളെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
2024ന്റെ തുടക്കത്തിൽ പാരീസ് പോലെ ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങൾക്ക് സന്ധ്യാസമയം ചെലവഴിക്കാനായി എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ഫറോക്ക് പാലം മാറാൻ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി .
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പിടിഎ റഹീം, മേയർ ഡോ. ബീന ഫിലിപ്പ്, കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ്, ഒഡിഇപിസി ചെയർമാൻ അനിൽ കുമാർ എന്നിവർ വിഷ്ടാതിഥികളായി.
ജനപ്രതിനിധികൾ, സാംസ്കാരിക നായകന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും സംഘാടകസമിതി കൺവീനർ രാധാഗോപി നന്ദിയും പറഞ്ഞു.
ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ നടത്തിയത്.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
കൂടാതെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ചെറുവണ്ണൂർ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദർശനവും നടന്നു. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളും നടന്നു. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും , തിരുവാതിര, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. മത്സരങ്ങൾ വീക്ഷിക്കാനായി ഫറോക്ക് പഴയ പാലത്തിലും പുതിയ പാലത്തിലും ഇരു കരകളിലുമായി നൂറുക്കണക്കിന് ആളുകളായിരുന്നു തിങ്ങികൂടിയിരുന്നത്. ഇവരെ കാണാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സിനിമാ നടൻ ആസിഫലിയും പ്രത്യേകം സജ്ജമാക്കിയ വള്ളത്തിലൂടെ യാത്ര നടത്തുകയും ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)