പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മതപരമായ വിവേചനം നേരിട്ടിരുന്നതായി മുന്‍ താരം ഡാനിഷ് കനേരിയ. തന്നെ ഇസ്‌ളാമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പാക് കളിക്കാര്‍ ശ്രമിച്ചിരുന്നതായും അയിത്തം പോലെയുള്ള കാര്യങ്ങള്‍ അനുവര്‍ത്തിച്ചിരുന്നതായും പറഞ്ഞു. മുന്‍ നായകന്‍ ഷഹീദ് അഫ്രീദി മതപരിവര്‍ത്തനത്തിന് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറഞ്ഞു.
പാകിസ്താന്‍ ദേശീയ ടീമില്‍ കളിച്ച രണ്ടാമത്തെ ഹിന്ദുവാണ് ഓഫ് സ്പിന്നറായിരുന്ന കനേരിയ. അതേസമയം ടീമില്‍ തന്നെ ഏറ്റവും പിന്തുണച്ചിട്ടുള്ളവര്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കും ഷൊയബ് അക്തറുമാണെന്നും പറഞ്ഞു. ഇംഗ്‌ളണ്ടില്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങി ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന താരം താന്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നെന്നും താനൊരു ഹിന്ദുവായതിനാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള പിന്തുണ കിട്ടിയിരുന്നില്ല എന്നും പറഞ്ഞു.
കൗണ്ടി ക്രിക്കറ്റിനിടയിലാണ് താന്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയത്. എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു തരത്തിലുമുള്ള പിന്തുണ നല്‍കാന്‍ കൂട്ടാക്കിയില്ല. അതിന് കാരണം താന്‍ ഹിന്ദുവായതിനാലാണ്. ഞാന്‍ കളി തുടര്‍ന്നാല്‍ പാക് ടീമിലെ പലരുടേയും ബൗളിംഗ് റെക്കോഡുകള്‍ തകരുമോയെന്ന് അവര്‍ ഭയന്നതായിരുന്നു കാരണമെന്നും കനേരിയ പറയുന്നു. തന്റെ കരിയറില്‍ ഷഹീദ് അഫ്രീദി ഒരുപാട് പ്രതിബന്ധങ്ങള്‍ ഉണ്ടാക്കിയയാളാണ്. അഫ്രീദിയും ടീമിലെ മറ്റുള്ളവരും തനിക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കുമായിരുന്നില്ലെന്നും ഇസ്‌ളാമതത്തിലേക്ക് തന്നെ മാറ്റാന്‍ അഫ്രീദി വലിയ ശ്രമമാണ് നടത്തിയതെന്നും പറഞ്ഞു.
എന്നാല്‍ സനാതന ധര്‍മ്മമാണ് തനിക്ക് എല്ലാമെന്നും ഹിന്ദു സമൂഹത്തിനെതിരേ ആരു സംസാരിച്ചാലും താനും അതിനെതിരേ രംഗത്ത് വരുമെന്നും കനേരിയ പറഞ്ഞു. രാജ്യത്ത് ഹിന്ദുവിരുദ്ധതയുടെ അനേകം കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണെന്നും പറഞ്ഞു. എന്റെ ഹിന്ദു സമൂഹത്തിന് വേണ്ടി ഞാന്‍ എപ്പോഴും പോരാടുമെന്നും കനേരിയ പറഞ്ഞു. ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ നാലാമതുള്ള കനേരിയ 61 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 360 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കനേരിയയുടെ ബന്ധുവും വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനുമായ അനില്‍ ദല്‍പ്പാട്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ ഹിന്ദു.
© Copyright - MTV News Kerala 2021
View Comments (0)