തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പ്രവർത്തകർക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവർത്തകരെയടക്കം മർദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു ആഹ്വാനം ചെയ്തു.
കേരളവർമയിലെ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നും മന്ത്രി ആർ. ബിന്ദു ഇതിനായി ഇടപെടൽ നടത്തിയെന്നും ആരോപിച്ചാണ് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിന് പിന്നാലെയാണ് പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയത്. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പരിക്കേറ്റു. തടയാൻ ശ്രമിച്ച പ്രവർത്തകന്റെ തലക്കും അടിയേറ്റു.
© Copyright - MTV News Kerala 2021
View Comments (0)