സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
കേരളത്തില്‍ എവിടെ നിന്നും ഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനാകുമെന്ന് വ്യക്തമാക്കി ഒരു ഫോൺ നമ്പർ സഹിതം സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റാൻഡില്‍ കിടക്കുന്ന ഓട്ടോ വിളിച്ചിട്ട് സവാരി പോകാൻ തയ്യാറായില്ലെങ്കില്‍ 6547639011 എന്ന നമ്പറിൽ കേരളത്തിലെ ഏതു ജില്ലയില്‍ നിന്നും പരാതി നൽകാൻ സാധിക്കുമെന്നാണ് വൈറൽ സന്ദേശത്തിൽ പറയുന്നത്. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഒരു സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ വിളിച്ചിട്ട് ഓട്ടം പോകുന്നില്ലെങ്കിൽ അറിയിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിനെത്തന്നെയാണെന്നും ഈ സന്ദേശത്തിൽ പറയുന്ന വാട്സാപ്പ് നമ്പറില്‍ അല്ലെന്നും എംവിഡി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എല്ലാ ജില്ലയിലും എൻഫോഴ്സ്മെൻഡ് ആർ ടി ഓഫീസുകളും താലൂക്കുകളിൽ സബ് ആർ ടി ഓഫീസുകളും ഉണ്ടെന്നും അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികൾ നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
മോട്ടോർ വാഹന വകുപ്പിൽ എല്ലാ ഓഫിസിൻ്റെ വിലാസവും മൊബൈൽ നമ്പറുകളും mvd.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
*എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം*_
കേരളത്തിലെവിടെ നിന്നും ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനായുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ നമ്പർ, വാട്സ് അപ്പ് വഴി വാർത്ത പ്രചരിച്ചു, പല ഓൺലൈൻ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു.
പഷെ മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പർ ഇറക്കിയിട്ടില്ല എന്നതാണ് സത്യം
വാർത്തയിലെ നെല്ലും പതിരും തിരയാൻ ആർക്ക് നേരം. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കിൽ അറിയിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷെ മുകളിൽപ്പറഞ്ഞ വാട്ട്സാപ്പ് നമ്പറിലല്ല എന്നു മാത്രം. എല്ലാ ജില്ലയിലും എൻഫോഴ്സ്മെൻ്റ്റ് ആർ ടി ഓഫിസുകൾ ഉണ്ട്.താലൂക്കുകളിൽ സബ് ആർ ടി ഓഫീസുകളും ഉണ്ട്- അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികൾ നൽകാവുന്നതാണ്.
മോട്ടോർ വാഹന വകുപ്പിൽ എല്ലാ ഓഫിസിൻ്റെ വിലാസവും മൊബൈൽ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
അതേസമയം സംസ്ഥാനത്ത് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെ പല പ്രധാന ഇടപാടുകള്‍ക്കും ആര്.സി രേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടത് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷന് പുതുക്കുന്നതും ടാക്സ് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും ഇപ്പോള്‍ പരിവാഹന്‍ വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഉടമ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാതിരിക്കാനും എപ്പോഴെങ്കിലും ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ യഥാര്‍ത്ഥ ആര്.സി ഉടമ അറിഞ്ഞുമാത്രം അത് നടത്താനും മൊബൈല്‍ നമ്പര്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്കുന്നു.
© Copyright - MTV News Kerala 2021
View Comments (0)