അഫ്‌ഗാനിസ്‌ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്‌ഥാന്‍ അഞ്ചിന് 158 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 15 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
40 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 60 റണ്ണെടുത്ത ശിവം ദുബെയും ഒന്‍പത് പന്തില്‍ 16 റണ്ണെടുത്ത റിങ്കു സിങ്ങും ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ആറാം വിക്കറ്റ് കൂട്ടുകെട്ട് 42 റണ്ണുമായിനിന്നു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പ് നായകന്‍ രോഹിത് ശര്‍മയെ നഷ്‌ടപ്പെട്ടു. ശുഭ്‌മന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തില്‍ രോഹിത് റണ്ണൗട്ടായി. ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ ഇന്നിങ്‌സിലെ രണ്ടാമത്തെ പന്തിലായിരുന്നു റണ്ണൗട്ട്. പന്ത് മിഡ് ഓഫിലേക്കു തട്ടിയ രോഹിത് സിംഗിളിനായി ഓടി. പന്ത് നോക്കിനിന്ന ഗില്‍ ഓടിയില്ല. രോഹിത് തിരിച്ചോടിയെങ്കിലും പന്ത് കിട്ടിയ വിക്കറ്റ് കീപ്പര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് ബെയ്‌ല്‍സ് തെറുപ്പിച്ചു. ഗില്ലും (12 പന്തില്‍ 23) തിലക് വര്‍മയും (22 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 26) ചേര്‍ന്നതു പ്രതീക്ഷ നല്‍കി. ഗില്ലിനെ മുജീബ് ഉര്‍ റഹ്‌മാന്റെ പന്തില്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് സ്‌റ്റമ്പ് ചെയ്യുമ്പോള്‍ ഇന്ത്യ രണ്ടിന് 28. ദുബെയും തിലക് വര്‍മയും ചേര്‍ന്ന് ആഞ്ഞടിച്ചു. അസ്‌മത്തുള്ള ഒമര്‍സായുടെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച തിലക് വര്‍മയെ ഗുല്‍ബാദിന്‍ നായിബ് പിടികൂടി.
തുടര്‍ന്നാണു ദുബെയും ജിതേഷ് ശര്‍മയും (20 പന്തില്‍ 35) ഒത്തു ചേര്‍ന്നത്. ജിതേഷിനെ മുജീബ് ഉര്‍ റഹ്‌മാന്‍ ഇബ്രാഹിം സാദ്രാന്റെ കൈയിലെത്തിക്കുമ്പോള്‍ ഇന്ത്യ നാലിന് 117 റണ്ണെന്ന നിലയിലായിരുന്നു. ദുബെ അതിനിടെ 38 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഐ.എസ്‌്. ബിദ്ര സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഫ്‌ഗാനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. റഹ്‌മത്തുള്ള ഗുര്‍ബാസും (28 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 23) നായകന്‍ ഇബ്രാഹിം സാദ്രാനും (22 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 25) ചേര്‍ന്ന് അവര്‍ക്കു പതിഞ്ഞ തുടക്കം നല്‍കി. എട്ടാം ഓവറില്‍ ടീം സ്‌കോര്‍ 50 ല്‍ നില്‍ക്കേ ഗുര്‍ബാസിനെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്‌റ്റമ്പ് ചെയ്‌തു. അതേ സ്‌കോറില്‍ സാദ്രാനും പുറത്തായി. സാദ്രാനെ ശിവം ദുബെ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. രഹ്‌മത് ഷായ്‌ക്കും (മൂന്ന്) പിടിച്ചു നില്‍ക്കാനായില്ല. ഷായെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കിയതോടെ അഫ്‌ഗാന്‍ പത്ത് ഓവറില്‍ മൂന്നിന് 57 റണ്ണെന്ന നിലയിലായി. മുഹമ്മദ് നബി (27 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 42) ക്രീസിലെത്തിയതോടെ അഫ്‌ഗാന് വീണ്ടും ജീവന്‍ വച്ചു. നാലാം വിക്കറ്റില്‍ അസ്‌മത്തുള്ള ഒമര്‍സായും (22 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 29) മുഹമ്മദ് നബിയും ചേര്‍ന്ന് 68 റണ്ണിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 32 പന്തിലാണ് അവര്‍ 50 കടന്നത്. അസ്‌മത്തുള്ള ഒമര്‍സായും മുഹമ്മദ് നബിയും 18-ാം ഓവര്‍ വരെ പിടിച്ചുനിന്നു. മുകേഷ് കുമാറിനെ കൂറ്റനടിക്ക് ശ്രമിച്ച ഒമര്‍സായ് പ്ലേയ്‌ഡ് ഓണായി. മുകേഷ് കുമാര്‍ അവസാന പന്തില്‍ മുഹമ്മദ് നബിയെ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. നജീബുള്ള സാദ്രാന്‍ (11 പന്തില്‍ 19), കരീം ജന്നത്ത് (അഞ്ച് പന്തില്‍ ഒന്‍പത്) എന്നിവര്‍ പുറത്താകാതെനിന്നു. ഇന്ത്യക്കായി മുകേഷ് കുമാറും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും ശിവം ദുബെ ഒരു വിക്കറ്റുമെടുത്തു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ജിതേഷ് ശര്‍മയാണു വിക്കറ്റ് കീപ്പറായത്.
© Copyright - MTV News Kerala 2021
View Comments (0)