സൂപ്പർ കപ്പിൽ ഗോകുലത്തിന് തോൽവി

MTV News 0
Share:
MTV News Kerala

കലിംഗ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌.സി. മുംബൈ സിറ്റിയോടു പൊരുതിത്തോറ്റു. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മുംബൈ 2-1 നാണു ജയിച്ചത്‌. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണു ഗോകുലം തോല്‍വി വഴങ്ങിയത്‌. യുവനിരയുമായി ഇറങ്ങിയ മുംബൈക്ക്‌ ഗോകുലത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണു മുംബൈ ജയം ഉറപ്പാക്കിയത്‌. കളിയുടെ നാലാം മിനിറ്റില്‍ തന്നെ അവര്‍ ഗോളിന്‌ അടുത്തെത്തി. ഭാഗ്യത്തിന്റെ അകമ്പടി ഗോകുലത്തെ രക്ഷിച്ചു. അലക്‌സാണ്ടര്‍ എല്‍ ഖായാതി ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണു ഗോളിന്‌ അടുത്തെത്തിയത്‌. പന്ത്‌ ബോക്‌സിലെത്തിയതും ഗോള്‍ കീപ്പര്‍ അവിലാഷ്‌ പോള്‍ പഞ്ച്‌ ചെയ്‌തു. പന്ത്‌ കിട്ടിയത്‌ നഥാന്‍ റോഡ്രിഗസിന്‌. താരത്തിന്റെ വോളി ബാറിനു മുകളിലൂടെ പറന്നു. മുംബൈ സിറ്റിക്കായിരുന്നു കളിയുടെ നിയന്ത്രണം.
മുന്നേറ്റ നിര ഗോകുലം പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 12-ാം മിനിറ്റില്‍ ജയേഷ്‌ റാണ നടത്തിയ മുന്നേറ്റം ഗോകുലത്തെ ഞെട്ടിച്ചു. ഗോകുലം പ്രതിരോധത്തെ മറികടന്നു റാണ നല്‍കിയ പന്ത്‌ ഗുര്‍കീരത്‌ സിങ്‌ പുറത്തേക്കടിച്ചു കളഞ്ഞു. 23-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിലൂടെ ഗോകുലം മുന്നിലെത്തി. അരങ്ങേറ്റക്കാരന്‍ നികോളാ സ്‌റ്റോയാനോവിചിന്റെ ലോങ്‌ ബോള്‍ അമിനൗ ബൗബ ഹെഡറിലൂടെ ഗോള്‍ മുഖത്തെത്തിച്ചു. പന്ത്‌ പിടിക്കാന്‍ മുന്നോട്ടു കയറിയ മുംബൈ ഗോള്‍ കീപ്പര്‍ ഫൂര്‍ബ ലാചെന്‍പയുടെ പിഴച്ചു. ലാചെന്‍പയുടെ മുന്നില്‍ കുത്തിയുയര്‍ന്ന പന്ത്‌ അലക്‌സ് സാഞ്ചസിനു പാകത്തിനു കിട്ടി. പന്ത്‌ വലയിലാക്കാന്‍ സാഞ്ചസ്‌ ബുദ്ധിമുട്ടിയില്ല. മുംബൈ സമനില ഗോളിനായി സമ്മര്‍ദം ചെലുത്തിയെങ്കിലും ഗോകുലം പ്രതിരോധത്തെ മറികടക്കാനായില്ല. 72-ാം മിനിറ്റില്‍ അമിനൗ ബൗബയ്‌ക്ക് ലീഡ്‌ ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചെങ്കിലും പാഴായി. താരത്തിന്റെ ഹെഡര്‍ ക്രോസ്‌ ബാറില്‍ തട്ടി പുറത്തേക്ക്‌. 76-ാം മിനിറ്റില്‍ പകരക്കാരന്‍ ആയുഷ്‌ ചികാര മുംബൈയുടെ സമനില ഗോളടിച്ചു. എല്‍ ഖായാതിയുടെ അപ്രതീക്ഷിത മുന്നേറ്റത്തെ ചികാര ഫിനിഷിങ്ങിലെത്തിച്ചു. ഇഞ്ചുറി ടൈമിലാണു ഗോകുലം വീണത്‌. ഗോകുലം ബോക്‌സില്‍ ബാസിത്‌ അഹമ്മദ്‌ ഭട്ട്‌ എല്‍ ഖായാതിയുടെ മേല്‍ നടത്തിയ അനാവശ്യ ഫൗള്‍ പെനാല്‍റ്റിക്കു കാരണമായി. ഖായാതിയുടെ സ്‌പോട്ട്‌ കിക്ക്‌ പോളിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ച്‌ വലയില്‍ കയറി. ഗോകുലത്തിന്റെ അടുത്ത മത്സരം ചെന്നൈയിനെതിരേയാണ്‌.
ചെന്നൈയിന്‍ എഫ്‌.സിയും പഞ്ചാബ്‌ എഫ്‌.സിയും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. പഞ്ചാബിനായി വില്‍മര്‍ ജോര്‍ദാനും ചെന്നൈയിനായി ജോര്‍ദാന്‍ മുറേയും ഗോളടിച്ചു.