ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇരട്ടസെഞ്ചുറി തികച്ചതോടെ ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ മൂന്നാമനായി യശസ്വി ജയ്‌സ്വാള്‍. 22 വയസും 37 ദിവസവുമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. വിനോദ് കാംബ്ലി, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ആദ്യരണ്ടു സ്‌ഥാനങ്ങളില്‍. 21 വയസും 32 ദിവസവുമുള്ളപ്പോള്‍ കാംബ്ലി യും 21 വയസും 277 ദിവസവുമുള്ളപ്പോള്‍ ഗാവസ്‌കറും ഇന്ത്യന്‍ ടെസ്‌റ്റ് ടീമിനായി ഇരട്ടസെഞ്ചുറി നേടി. 19 വയസും 140 ദിവസവുമുള്ളപ്പോള്‍ ഡബിളടിച്ച പാകിസ്‌താന്റെ ജാവേദ് മിയാന്‍ദാദാണ് രാജ്യാന്തരതലത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടസെഞ്ചുറിവേട്ടക്കാരന്‍.
ടെസ്‌റ്റില്‍ ജയ്‌സ്വാളിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാ(277 പന്തില്‍ 209)ണ് ഇന്നലെ ഇംഗ്ലണ്ടിനെതിരേ വിശാഖപട്ടണത്തു പിറന്നത്. ഇതില്‍ 192 റണ്ണും സ്‌പിന്നര്‍മാര്‍ക്കെതിരേയായിരുന്നു. ശേഷിച്ച 17 റണ്‍ ഇംഗ്ലീഷ് നിരയിലെ ഏക പേസറായ ജയിംസ് ആന്‍ഡേഴ്‌സണെതിരേയും.
ഏഴു സിക്‌സറുകളടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനെതിരേ ടെസ്‌റ്റില്‍ ഒരു ഇന്ത്യന്‍ താരം ഏഴു സിക്‌സറുകള്‍ പറത്തുന്നതും ഇതാദ്യം.
നവ്‌ജ്യോത് സിങ് സിദ്ദു 1994-ല്‍ ശ്രീലങ്കയ്‌ക്കെതിരേയും മായങ്ക് അഗര്‍വാള്‍ 2019-ല്‍ ബംഗ്ലാദേശിനെതിരേയും ഒരിന്നിങ്‌സില്‍ ഏട്ടുസിക്‌സറുകള്‍ വീതം നേടിയിട്ടുണ്ട്. ഈ ഗണത്തില്‍ ഒന്നാം സ്‌ഥാനം ഇരുവരും പങ്കിടുകയാണ്.
ജയ്‌സ്വാളൊഴികെ ഒരു ഇന്ത്യന്‍ താരത്തിനുപോലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടാനായില്ല. ശുഭ്‌മന്‍ ഗില്ലിന്റെ 34 റണ്ണാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. ലോകക്രിക്കറ്റില്‍ മുമ്പ് ആറുവട്ടം മാത്രമാണ് സമാനസംഭവം അരങ്ങേറിയത്. 2005-ല്‍ ഓസ്‌ട്രേലിയക്കെതിരേ വെസ്‌റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ (226), 1999-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പട്ടു (പുറത്താകാതെ 226), 1974-ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന്റെ ഡെന്നിസ് അമിസ് (പുറത്താകാതെ 262), 1951-ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയുടെ ആര്‍തര്‍ മോറിസ് (206), 1950-ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന്റെ ലിയൊനാര്‍ഡ് ഹട്ടണ്‍ (പുറത്താകാതെ 202), 1935-ല്‍ ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ഡഡ്‌ലി നൗര്‍സ് (231) എന്നിവരാണ് സഹതാരങ്ങളില്‍ ഒരാള്‍പോലും അര്‍ധസെഞ്ചുറി തികയ്‌ക്കാതിരുന്ന മത്സരങ്ങളില്‍ ഡബിളടിച്ച് ചരിത്രം കുറിച്ചവര്‍.
2003-ല്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ ഇതര ബാറ്റര്‍മാര്‍ 50 തികയ്‌ക്കാതെ കൂടാരംകയറിയപ്പോള്‍ 195 റണ്ണടിച്ച വിരേന്ദര്‍ സെവാഗിന്റെ പേരിലുള്ള ഒറ്റയാള്‍ പോരാട്ട റെക്കോഡും ഇന്നലെ ജയ്‌സ്വാളിനു സ്വന്തമായി.
ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണു ജയ്‌സ്വാള്‍. വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ എന്നിവരാണു മുന്‍ഗാമികള്‍.
© Copyright - MTV News Kerala 2021
View Comments (0)