അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌: ഇന്ത്യ ഫൈനലില്‍

MTV News 0
Share:
MTV News Kerala

ഐ.സി.സി. അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ കലാശപ്പോരിന്‌ ഇന്ത്യ യോഗ്യത നേടിയത്‌ ആരാധകരുടെ നെഞ്ചിടിപ്പേറ്റി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ്‌ നീലപ്പട സെമി ഫൈനലിലേക്കു കുതിച്ചെത്തിയത്‌. എന്നാല്‍, ഇന്നലെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഇന്ത്യന്‍ യുവനിരയുടെ ആത്മവീര്യം അക്ഷരാര്‍ഥത്തില്‍ പരീക്ഷിക്കപ്പെട്ടു.
ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിന്‌ 244 റണ്ണടിച്ചെങ്കിലൂം ഇന്ത്യയുടെ ബാറ്റിങ്‌നിരയ്‌ക്ക് അതു വെല്ലുവിളിയാകില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, വര്‍ധിതവീര്യത്തോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യന്‍ മുന്‍നിര മുട്ടുമടക്കി. ഇന്നിങ്‌സിലെ ആദ്യപന്തില്‍ ഓപ്പണര്‍ ആദര്‍ശ്‌ സിങ്ങിനെ കെ്വന മാഫക്ക പ്രിട്ടോറിയസിന്റെ കൈകളിലെത്തിച്ചു. അക്കൗണ്ട്‌ തുറക്കുംമുമ്പുള്ള ഈ ആഘാതം ഇന്ത്യയെ വിരട്ടി. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കെ വിശ്വസ്‌തനായ മുഷീര്‍ ഖാന്‍ മടങ്ങി. 12 പന്തില്‍ നാലു റണ്ണടിച്ച ഖാനെ ജെയിംസിന്റെ കൈകളിലെത്തിച്ച്‌ ട്രിസ്‌റ്റന്‍ ലൂസ്‌ ദക്ഷിണാഫ്രിക്കയെ ആവേശത്തിലാഴ്‌ത്തി. പത്താം ഓവറില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും (30 പന്തില്‍ 12) 12-ാം ഓവറില്‍ പ്രിയാംശു മൊളിയ (അഞ്ച്‌)യും കൂടാരം കയറിയതോടെ ഇന്ത്യ തകര്‍ച്ചയുടെ ആഴങ്ങളിലേക്കു വീണു.
32 റണ്ണെടുക്കുന്നതിനിടെ നാലുവിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും ക്യാപ്‌റ്റന്‍ ഉദയ്‌ സഹാരണിനും സച്ചിന്‍ ദാസിനും തെല്ലും ആശങ്കയുണ്ടായിരുന്നില്ല. ബൗളര്‍മാരെ കരുതലോടെ നേരിട്ട്‌ ഇന്നിങ്‌ കരുപ്പിടിപ്പിച്ച ഇരുവരും അര്‍ധസെഞ്ചുറിയുമായി ടീമിനെ കരകയറ്റി. അഞ്ചാംവിക്കറ്റ്‌ കൂട്ടുകെട്ടില്‍ പിറന്ന 171 റണ്‍ ഇന്ത്യയെ തോല്‍വിമുനമ്പില്‍നിന്നു രക്ഷിക്കുകയും ചെയ്‌തു. സ്‌കോര്‍ 42.1 ഓവറില്‍ 203 റണ്ണിലെത്തിയപ്പോള്‍ ആക്രമിച്ചു കളിച്ച സച്ചിന്‍ ദാസ്‌ അര്‍ഹിച്ച സെഞ്ചുറിക്ക്‌ നാലുദണ്ണകലെ മാഫക്ക വീഴ്‌ത്തി. ആദ്യഓവറുകളിലേതിനു സമാനമായി അവസാന ഓവറുകളിലും വിക്കറ്റ്‌ കൊയ്‌ത് ദക്ഷിണാഫ്രിക്ക മത്സരത്തിലേക്കു തിരിച്ചുവന്നു. ആരവല്ലി അവനീഷി (10) നെ മാഫക്ക മടക്കിയപ്പോള്‍ മുരുഗന്‍ അഭിഷേക്‌ റണ്ണൗട്ടായി. ജയത്തിനരികെ ക്യാപ്‌റ്റന്‍ ഉദയ്‌ സഹാരനും റണ്ണൗട്ടായത്‌ ഇന്ത്യയെ ഒരിക്കല്‍ക്കൂടി പരാജയത്തിന്റെ വക്കിലെത്തിച്ചു. തുടരെ മൂന്നു വിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും ഒന്‍പതാമനായെത്തിയ രാജ്‌ ലിംബാനിയുടെ മനസാന്നിധ്യം ടീമിനു തുണയായി. നാലു പന്തില്‍ ഒന്നുവീതം സിക്‌സും ഫോറും പറത്തി 13 റണ്ണുമായി ലിംബാനി ടീമിനെ ഫൈനലില്‍ കടത്തി. നമന്‍ തിവാരി (പൂജ്യം) പുറത്താകാതെനിന്നു. 124 പന്തില്‍ 81 റണ്‍ നേടിയ നായകന്‍ ഉദയ്‌ സഹാരണ്‍ കളിയിലെ കേമനായി. ആറു ഫോര്‍ അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്‌സ്. സഹാരണൊപ്പം ഉജ്വല ബാറ്റിങ്‌ കാഴ്‌ചവച്ച്‌ 95 പന്തില്‍ 96 റണ്ണുമായി സച്ചിന്‍ ദാസും വിജയത്തിന്‌ അടിത്തറയിട്ടു. 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ്‌ സച്ചിന്‍ 96 റണ്ണടിച്ചത്‌. ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഓപ്പണിങ്‌ ബൗളര്‍മാരായ മാഫക്കയും ട്രിസ്‌റ്റന്‍ ലൂസും മൂന്നുവിക്കറ്റ്‌ വീതം വീഴ്‌ത്തി.
ഓപ്പണര്‍ ലുഹാന്‍ ഡ്രെ പ്രിട്ടോറിയസിന്റെയും മധ്യനിരയില്‍ റിച്ചാഡ്‌ സെലറ്റ്‌സ്വെയ്‌നിന്റെയും ബാറ്റിങ്ങാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്‌. ഓപ്പണര്‍ സ്‌റ്റീവ്‌ സ്‌റ്റോക്ക്‌ 14 റണ്ണുമായി കൂടാരം കയറി. മൂന്നാമന്‍ ഡേവിഡ്‌ ടീഗര്‍ പൂജ്യത്തിനു പുറത്തായശേഷമായിരുന്നു ലുഹാനും റിച്ചാഡും ചേര്‍ന്ന്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചത്‌. ലുഹാന്‍ 102 പന്തില്‍ 76 റണ്ണുമായി ടോപ്‌ സ്‌കോററായി. റിച്ചാഡ്‌ 100 പന്തില്‍ 64 റണ്‍ നേടി. ഒലിവര്‍ വൈറ്റ്‌ഹെഡ്‌ (22), ഡെവന്‍ മറെ്‌സ് (മൂന്ന്‌), യുവാന്‍ ജെയിംസ്‌ (19 പന്തില്‍ 24) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പറത്തായി. 12 പന്തില്‍ രണ്ടു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 23 റണ്‍ വാരിയ ട്രിസ്‌റ്റന്‍ ലൂസും ഏഴു റണ്ണടിച്ച റിലെ നോര്‍ട്ടനുമായിരുന്നു ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. ഇന്ത്യക്കായി രാജ്‌ ലിംബാനി മൂന്നും മുഷീര്‍ ഖാന്‍ രണ്ടും സൗമി പാണ്ഡെ, നമന്‍ തിവാരി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. നാളെ നടക്കുന്ന ഓസ്‌ട്രേലിയ-പാകിസ്‌താന്‍ രണ്ടാം സെമിയിലെ വിജയികളുമായാണ്‌ ഇന്ത്യയുടെ കലാശപ്പോരാട്ടം.

Share:
Tags:
MTV News Keralaഐ.സി.സി. അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ കലാശപ്പോരിന്‌ ഇന്ത്യ യോഗ്യത നേടിയത്‌ ആരാധകരുടെ നെഞ്ചിടിപ്പേറ്റി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ്‌ നീലപ്പട സെമി ഫൈനലിലേക്കു കുതിച്ചെത്തിയത്‌. എന്നാല്‍, ഇന്നലെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഇന്ത്യന്‍ യുവനിരയുടെ ആത്മവീര്യം അക്ഷരാര്‍ഥത്തില്‍ പരീക്ഷിക്കപ്പെട്ടു.ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിന്‌ 244 റണ്ണടിച്ചെങ്കിലൂം ഇന്ത്യയുടെ ബാറ്റിങ്‌നിരയ്‌ക്ക് അതു വെല്ലുവിളിയാകില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, വര്‍ധിതവീര്യത്തോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യന്‍ മുന്‍നിര മുട്ടുമടക്കി. ഇന്നിങ്‌സിലെ ആദ്യപന്തില്‍ ഓപ്പണര്‍ ആദര്‍ശ്‌ സിങ്ങിനെ കെ്വന മാഫക്ക പ്രിട്ടോറിയസിന്റെ...അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌: ഇന്ത്യ ഫൈനലില്‍