ആഫ്രിക്ക കപ്പ്‌:  ഫൈനലില്‍ നൈജീരിയയും ഐവറി കോസ്‌റ്റും തമ്മില്‍ ഏറ്റുമുട്ടും

MTV News 0
Share:
MTV News Kerala

ആഫ്രിക്ക കപ്പ്‌ നേഷന്‍സ്‌ ഫുട്‌ബോള്‍ ഫൈനലില്‍ നൈജീരിയയും ഐവറി കോസ്‌റ്റും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച പുലര്‍ച്ചെ 1.30 മുതലാണു ഫൈനല്‍. ഞായറാഴ്‌ച പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയെ നേരിടും.
നൈജീരിയ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പെനാല്‍റ്റി ഷൂട്ടൗട്ടിലും (4-2) ഐവറി കോസ്‌റ്റ് കോംഗോയെ 1-0 ത്തിനുമാണു തോല്‍പ്പിച്ചത്‌. എഡിംപെയെ ഒളിമ്പിക്‌ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഐവറികോസ്‌റ്റിനായി സെബാസ്‌റ്റ്യന്‍ ഹാലര്‍ ഗോളടിച്ചു. വാശിയേറിയ മത്സരത്തിന്റെ 65-ാം മിനിറ്റിലായിരുന്നു ഗോള്‍. കോച്ച്‌ ജീന്‍ ലൂയിസ്‌ ഗാസെറ്റിനെ പുറത്താക്കി രണ്ടാഴ്‌ച പിന്നിടുമ്പോഴാണു ടീം ആഫ്രിക്കന്‍ കപ്പ്‌ ഫൈനലില്‍ കളിക്കുന്നത്‌. ഇക്വറ്റോറിയല്‍ ഗിനിയയോട്‌ 4-0 ത്തിനു തോറ്റതിനു പിന്നാലെയാണ്‌ ഐവറി കോസ്‌റ്റ് കോച്ചിനെ പുറത്താക്കിയത്‌. എമേഴ്‌സ് ഫായ്‌ താല്‍ക്കാലിക കോച്ചായതോടെ ടീം തുടരെ ജയങ്ങള്‍ കുറിച്ചു. ഇന്നലെ കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ ഐവറി കോസ്‌റ്റ് ഗോള്‍ കീപ്പര്‍ യാഹിയ ഫോഫാനയുടെ പിഴവ്‌ കോംഗോയെ മുന്നിത്തെിച്ചിരുന്നു. ആര്‍തര്‍ മാസുയാകുവിന്റെ ക്രോസിനെ സെഡ്രിക്‌ ബാകാംബു വലയിലേക്കു പായിച്ചു. ഷോട്ട്‌ ഫോഫാന പിടിച്ചെടുത്തെങ്കിലും വഴുതി വലയില്‍ കയറി. ഫോഫാനയെ ഫൗള്‍ ചെയ്‌തെന്നു കാണിച്ചു റഫറി ഗോള്‍ അനുവദിക്കാത്തത്‌ ഐവറി കോസ്‌റ്റിനു ഭാഗ്യമായി.
പിന്നാലെ സെബാസ്‌റ്റ്യന്‍ ഹാലര്‍ ഗോളടിക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കി. കോംഗോ പെനാല്‍റ്റി ബോക്‌സില്‍നിന്നു ഫ്രാങ്ക്‌ കെസി തൊടുത്ത ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി മടങ്ങി. കോംഗോയ്‌ക്കു മേല്‍ ഐവറി കോസ്‌റ്റ് നിരന്തരം സമ്മര്‍ദം ചെലുത്തി. അതിന്റെ ഫലമായിരുന്നു സെബാസ്‌റ്റ്യന്‍ ഹാലറുടെ ഗോള്‍. 2015 ലെ ആഫ്രിക്കന്‍ കപ്പ്‌ ജേതാക്കളാണ്‌ ഐവറി കോസ്‌റ്റ്. കോംഗോയെ 3-1 നു തോല്‍പ്പിച്ചായിരുന്നു കിരീടധാരണം. യായാ ടുറെ, ഗെര്‍വീഞ്ഞോ, സെര്‍ഗി കാനോന്‍ എന്നിവര്‍ അന്നു വിജയികള്‍ക്കായി ഗോളടിച്ചു. ദക്ഷിണാഫ്രിക്കയും നൈജീരിയയും തമ്മിലുള്ള മത്സരം മുഴുവന്‍ സമയത്തും അധിക സമയത്തും 1-1 എന്ന നിലയില്‍ തുടര്‍ന്നതോടെയാണു പെനാല്‍റ്റി ഷൂട്ടൗട്ട്‌ വേണ്ടി വന്നത്‌. വില്യം ട്രൂസ്‌റ്റ് എകോങ്‌ നൈജീരിയയെ 67-ാം മിനിറ്റില്‍ മുന്നിലെത്തിച്ചു. കളി തീരാന്‍ ഒരു മിനിറ്റ്‌ ശേഷിക്കേ ദക്ഷിണാഫ്രിക്കയ്‌ക്കായി ടെബോഹോ മോകോയിന ഗോളടിച്ചു. ഷൂട്ടൗട്ടില്‍ ദക്ഷിണാഫ്രിക്കയുടെ എവിഡെന്‍സ്‌ മാക്‌ഗോപ, ടെബോഹോ മോകോയിന എന്നിവരുടെ കിക്കുകള്‍ പാഴായി.

Share:
Tags:
MTV News Keralaആഫ്രിക്ക കപ്പ്‌ നേഷന്‍സ്‌ ഫുട്‌ബോള്‍ ഫൈനലില്‍ നൈജീരിയയും ഐവറി കോസ്‌റ്റും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച പുലര്‍ച്ചെ 1.30 മുതലാണു ഫൈനല്‍. ഞായറാഴ്‌ച പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയെ നേരിടും.നൈജീരിയ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പെനാല്‍റ്റി ഷൂട്ടൗട്ടിലും (4-2) ഐവറി കോസ്‌റ്റ് കോംഗോയെ 1-0 ത്തിനുമാണു തോല്‍പ്പിച്ചത്‌. എഡിംപെയെ ഒളിമ്പിക്‌ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഐവറികോസ്‌റ്റിനായി സെബാസ്‌റ്റ്യന്‍ ഹാലര്‍ ഗോളടിച്ചു. വാശിയേറിയ...ആഫ്രിക്ക കപ്പ്‌:  ഫൈനലില്‍ നൈജീരിയയും ഐവറി കോസ്‌റ്റും തമ്മില്‍ ഏറ്റുമുട്ടും