തെരഞ്ഞെടുപ്പില്‍ ടി.പി. വധക്കേസ് ആയുധമാക്കാന്‍ യു.ഡി.എഫ് ; വിഷയം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടു വരും
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരേ ആയുധമാക്കാന്‍ യു.ഡി.എഫ്. കഴിഞ്ഞ 12 വര്‍ഷമായി തെരഞ്ഞെടുപ്പ് വേളകളില്‍ ടി.പി. കേസ് ഏതെങ്കിലും രീതിയില്‍ ഉയര്‍ന്നുവരാറുണ്ട്. ഇക്കുറി െഹെക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വിഷയം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫ്. നീക്കം. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും സമരാഗ്നി ജാഥയുടെ ഭാഗമായി നടത്തുന്ന പത്രസമ്മേളനങ്ങളില്‍ ഇപ്പോള്‍ ഇതുതന്നെയാണ് പ്രധാനമായും ഉന്നയിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവര്‍ ഇപ്പോഴും നിയമത്തിന് പുറത്താണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ” ഗൂഢാലോചനക്കേസില്‍ നീതി കിട്ടുന്നതുവരെ പോരാടും. കൊലക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞവര്‍ക്കു കടുത്തപ്രഹരമാണ് െഹെക്കോടതി നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കണ്ണൂര്‍ നേതാക്കള്‍ രക്തദാഹികളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
സി.പി.എം. നേതാക്കളെ ശിക്ഷിച്ചതോടെ പാര്‍ട്ടിക്ക് ഈ കൊലപാതകവുമായുള്ള ബന്ധം കോടതി ശരിവച്ചു. കൊലയാളികള്‍ക്കു പാര്‍ട്ടി നല്‍കുന്ന സംരക്ഷണവും സാമ്പത്തിക സഹായവുമൊക്കെ പകല്‍പോലെ വ്യക്തമാക്കപ്പെട്ടു. ടി.പി. ചന്ദ്രശേഖരനെ കൊന്നവരുടെ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പ്രതികള്‍ക്ക് ജയിലില്‍ സുഖജീവിതം ആയിരിക്കുമെന്ന് തിരിച്ചറിവില്‍ നിന്നാണ് കോടതി ഇരട്ട ജീവപര്യന്തത്തോടൊപ്പം അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും വിധിച്ചത്.”-കെ. സുധാകരന്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)