ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നു സൂപ്പര്‍ പോരാട്ടങ്ങള്‍. കിരീടം ഏറെക്കുറെ ഉറപ്പാക്കിയ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് നെരോക്കയെയും ഗോകുലം കേരള ശ്രീനിധി ഡെക്കാനെയും നേരിടും. ഉച്ചയ്‌ക്കു നടക്കുന്ന മത്സരത്തില്‍ റയാല്‍ കശ്‌മീര്‍ ഡല്‍ഹി എഫ്.സിയെ നേരിടും. സ്വന്തം തട്ടകമായ കോഴിക്കോട് ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണു ഗോകുലം മത്സരിക്കാനിറങ്ങുക.
സ്‌ഥാനം നിലനിര്‍ത്തുകയാണു കോച്ച് ഡൊമിന്‍ഗോ ഒറാമാസിന്റെ ലക്ഷ്യം. ശ്രിനിധി ഡെക്കാന്‍ കോച്ച് കാര്‍ലോസ് വാസ് പിന്റോയുടെ ലക്ഷ്യവും മറ്റൊന്നല്ല. 20 കളികളില്‍നിന്നു 36 പോയിന്റ് നേടിയ ഗോകുലം രണ്ടാം സ്‌ഥാനത്താണ്. 18 കളികളില്‍നിന്ന് അത്രയും പോയിന്റുള്ള ശ്രീനിധി മൂന്നാം സ്‌ഥാനത്താണ്. ഗോള്‍ ശരാശരിയിലെ മികവാണു ഗോകുലത്തെ രണ്ടാം സ്‌ഥാനത്തെത്തിച്ചത്. 19 കളികളില്‍നിന്നു 44 പോയിന്റമായാണു മുഹമ്മദന്‍ ഒന്നാം സ്‌ഥാനത്തു തുടരുന്നത്.
ഇന്നു നടക്കുന്ന മത്സരത്തില്‍ നെരോക്കയെ തോല്‍പ്പിച്ചാല്‍ മുഹമ്മദന്‍ കിരീടം ഉറപ്പാക്കും. കഴിഞ്ഞ മത്സരത്തില്‍ രാജസ്‌ഥാന്‍ യുണൈറ്റഡിനോടു ദയനീയമായി തോറ്റ നെരോക്കയ്‌ക്കു മാനം നിലനിര്‍ത്താനുള്ള പോരാട്ടമാണ്. 17 കളികളില്‍നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള നെരോക്ക ഏറ്റവും പിന്നില്‍ 13-ാം സ്‌ഥാനത്താണ്. തുടര്‍ച്ചയായി 14 മത്സരങ്ങളാണ് അവര്‍ തോറ്റത്. 18 കളികളില്‍നിന്നു 10 പോയിന്റുമായി 12-ാം സ്‌ഥാനത്തുള്ള ടിഡിം റോഡ് അത്‌ലറ്റിക് യൂണിയനും (ട്രാവു) നെരോക്കയും തരംതാഴ്‌ത്തല്‍ നേരിടും.
2022 മുതല്‍ ഗോകുലവും ശ്രീനിധിയും തമ്മില്‍ അഞ്ച് മത്സരങ്ങളില്‍ ഏറ്റുമുട്ടി. മൂന്നെണ്ണത്തില്‍ ജയിച്ച ഗോകുലത്തിനാണു മുന്‍തൂക്കം. എട്ട് ഗോളുകളടിക്കാന്‍ അവര്‍ക്കായി. രണ്ട് മത്സരങ്ങള്‍ ജയിച്ച ശ്രീനിധി ഗോകുലം വലയില്‍ ആറു തവണ പന്തെത്തിച്ചു. 20 മത്സരങ്ങളില്‍നിന്നു പത്തു ജയവും നാലു തോല്‍വികളും കുറിക്കാന്‍ ഗോകുലത്തിനായി. കഴിഞ്ഞ മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിയെ 4-3 നു തോല്‍പ്പിച്ചതോടെയാണു ഗോകുലം രണ്ടാം സ്‌ഥാനത്തെത്തിയത്. മാറ്റിയ ബാബോവിച് മത്സരത്തില്‍ ഇരട്ട ഗോളടിച്ചിരുന്നു.
ഡല്‍ഹി എഫ്.സിയെ 1-0 ത്തിനു തോല്‍പ്പിച്ച ശേഷമാണു ശ്രീനിധി കോഴിക്കോടെത്തുന്നത്. 18 കളികളിലായി 11 ജയവും നാലു സമനിലയുമാണ് അവരുടെ നേട്ടം. ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ചതു ഗോകുലത്തിന്റെ കരുത്ത് ഇരട്ടിയാക്കി. ഗോകുലത്തിന്റെ അടുത്ത മത്സരം 23 നു ഡല്‍ഹിക്കെതിരേയാണ്. ഏപ്രില്‍ ഏഴിനു നെരോക്കയ്‌ക്കെതിരേ നടക്കുന്ന മത്സരത്തോടെ ഗോകുലം സീസണ്‍ അവസാനിപ്പിക്കും. ഇന്നലെ നാംധാരി എഫ്.സിയും ഷില്ലോങ് ലജോങും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. നാംധാരിക്കായി ഹര്‍പ്രീത് സിങും ലജോങിനായി ലായ്‌വാങ് ബോഹാമും ഗോളടിച്ചു. 20 കളികളില്‍നിന്നു 31 പോയിന്റ് നേടിയ ലജോങ് ആറാം സ്‌ഥാനത്തും 21 കളികളില്‍നിന്ന് 20 പോയിന്റ് നേടിയ നാംധാരി 11-ാം സ്‌ഥാനത്തുമാണ്.
© Copyright - MTV News Kerala 2021
View Comments (0)