ആ സാഹസിക നഗ്നയോട്ടത്തിന് 50 വയസ്..! നേതൃത്വം നൽകിയവരിൽ നടൻ മമ്മൂട്ടിയും
കൊച്ചിയെ നടുക്കിയ സാഹസിക നഗ്നയോട്ടത്തിന് ഇന്ന് 50 വയസ്. ലോകവിഡ്ഢിദിനത്തിൽ അല്പം സാഹസികതയാകാം എന്ന കുറച്ച് യുവാക്കളുടെ തീരുമാനമാണ് ചരിത്രത്തിൽ ഇടം നേടിയത്. 1974 ൽ തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെയാണ് എറണാകുളം ലോ കോളേജിലെ നാലു യുവാക്കൾ ‘പിറന്നപടി’ ഓടിയത്. ഞെട്ടിക്കുന്ന വാർത്ത സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ തീരുമാനം. ആദ്യം രാത്രി സുബാഷ് പാർക്കിലൂടെ ഓടാനായിരുന്നു തീരുമാനം, പിന്നീട് സാഹസികതയുടെ ആക്കം കൂട്ടാനായി വൈകിട്ട് 6 മണിയോടെ ബ്രോഡ്‌വേയിലൂടെ ഓടാമെന്നായി.
തിങ്ങിനിറഞ്ഞ ബ്രോഡ്‌വേയിലൂടെ ജനങ്ങൾ നോക്കിനിൽക്കെ നാലു യുവാക്കൾ തുണിയില്ലാതെ ഇറങ്ങിയോടി. ആരും അറിയാതെ നടന്ന പരിപാടിയായതിനാൽ ജനങ്ങളെല്ലാം ഒരു നിമിഷം സ്തബ്ധരായി. ജനം കണ്ണുമിഴിച്ചുനിൽക്കേ നാലാളും ഓടി ദൂരെ കിടന്ന കാറിൽ കയറി. സംഭവം എങ്ങനെയോ മുൻകൂട്ടിയറിഞ്ഞ കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ ജനാർദനൻ എന്ന ഫോട്ടോഗ്രാഫർ പിന്നാലെ ഓടിയെങ്കിലും ചിത്രം പകർത്താനായില്ല. കാറിൽ കയറിയവർ ബോട്ട്ജെട്ടിക്കടുത്ത് ഓർത്തോഡോക്സ് പള്ളിക്ക് സമീപത്ത് വീണ്ടും ഇറങ്ങിയോടി. അവിടെവച്ച് പിന്നിൽനിന്നാണെങ്കിലും ഒരു ചിത്രം പകർത്തി.
നഗ്നയോട്ടത്തിന്റെ ഒന്നാം വാർഷികം ലോ കോളേജ് വിദ്യാർഥികൾ ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചു. നഗ്നയോട്ടം ആവർത്തിക്കുമെന്ന് വിദ്യാർഥികൾ മുൻകൂട്ടി നോട്ടീസ് അടിച്ചിറക്കി. ജില്ലാ പൊലീസ് മേധാവിയും അന്നത്തെ കളക്ടർ ഉപ്പിലിയപ്പനും വൻ സന്നാഹമൊരുക്കി ബ്രോഡ്‌വേയിൽ കാത്തുനിന്നു. ജനങ്ങൾ ആർപ്പുവിളിയുമായി റോഡിൽ കൂടി. തൊട്ടുപിന്നാലെ തുണിയില്ലാതെ കുറച്ച് കൊച്ചുകുട്ടികളെയും നയിച്ച് വിദ്യാർത്ഥികൂട്ടം കടന്നുപോയി. അതിനു നേതൃത്വം നൽകിയത് പിന്നീട് എറണാകുളം ജില്ലാ കളക്ടറായ അന്തരിച്ച കെ ആർ വിശ്വംഭരനും മറ്റൊരാൾ സിനിമാതാരം മമ്മൂട്ടിയും..!
© Copyright - MTV News Kerala 2021
View Comments (0)