മുക്കത്തെ ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു

MTV News 0
Share:
MTV News Kerala

മുക്കം : മുക്കത്തെയും പരിസരത്തെയും വിശ്വാസികളുടെ ഐക്യത്തോടെയുള്ള  പെരുന്നാളാഘോഷം ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു. ബൈപ്പാസിലെ മസ്ജിദ്  സുബ്ഹാൻ, അഭിലാഷ് ജംഗ്ഷനിലെ സലഫി മസ്ജിദ് കമ്മറ്റികൾ  2012 ൽ ആരംഭിച്ച സംയുക്ത  ഈദ്ഗാഹ് ഇത്തവണയും നാടിനാകെ  ഐക്യ സന്ദേശം പകർന്ന് മാതൃകയാവുകയാണ്.

സംസ്ഥാന പാതയോരത്ത് മുക്കത്തെ കാരശേരി സഹകരണ ബാങ്കിന്റെ മുൻവശത്തായിരുന്നു പ്രഥമ ഈദ്ഗാഹ്. പിന്നീട് അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലേക്ക് മാറ്റി. ഇവിടെ മേൽക്കൂര ഉള്ളതിനാൽ മഴക്കാലത്തും ഈദ്ഗാഹ് നടത്താൻ സാധിക്കുന്നുണ്ട്. ഈദുൽ ഫിത്വറിന് മസ്ജിദ് സുബ്ഹാനിലെ ഇമാമും ബലിപെരുന്നാളിന് സലഫി മസ്ജിദിലെ ഇമാമുമാണ് പെരുന്നാൾ പ്രസംഗം നടത്തുക. മുക്കം,കാരശേരി, അഗസ്ത്യൻമുഴി, മണാശേരി, കുറ്റിപ്പാല, തടപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് വിശ്വാസികൾ ഈദ്ഗാഹിൽ പങ്കെടുക്കാറുണ്ട്.

ഇത്തവണ പെരുന്നാൾ നമസ്കാരം നഫ്ന കോംപ്ലക്സിൽ   രാവിലെ 8 മണിക്ക് ആരംഭിക്കും. മസ്ജിദ് സുബ്ഹാൻ ഇമാം എം സി സുബ്ഹാൻ  ബാബു ഈദ് ഖുത്തുബ നിർവഹിക്കുമെന്ന് സംയുക്ത ഈദ്ഗാഹ് കമ്മറ്റി ഭാരവാഹികളായ അബൂബക്കർ ചാലൂളി,ബഷീർ പാലത്ത് എന്നിവർ അറിയിച്ചു.