മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. താമിർ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്നാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പുറത്ത് വിട്ടത് റിപ്പോർട്ടറായിരുന്നു.
പൊലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകൾ കേസിൽ വളരെയേറെ നിർണായകമായി. താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരില്‍ കണ്ടുവെന്ന് ദൃക്സാക്ഷികളുടെ മൊഴിയും കേസില്‍ നിര്‍ണായകമായിരുന്നു. കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രങ്ങളും റിപ്പോർട്ടറിലൂടെയാണ് പുറംലോകമറിഞ്ഞത്.
© Copyright - MTV News Kerala 2021
View Comments (0)