ഫീസ് സൗദി ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലെത്തി:റഹീമിന്റെ മോചനം ഏതു ദിവസവും നടന്നേക്കാം
റിയാദ്: സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള നീക്കങ്ങള്‍ തകൃതിയായി. മോചനത്തിനായി ഇടപെട്ട സൗദി അഭിഭാഷകന് നല്‍കാനുള്ള ഫീസ് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തി. ഏഴരലക്ഷം റിയാലാണ് എത്തിയത്. അഭിഭാഷകനുമായുള്ള കരാര്‍ ചേംബര്‍ ചെയ്ത് ലഭിച്ചതായി കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.
ഗവര്‍ണറേറ്റില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. മരിച്ച സൗദി ബാലന്റെ കുടുംബം ഗവര്‍ണറേറ്റില്‍ തങ്ങള്‍ ആവശ്യപ്പെട്ട ദിയ ധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ തയാറാണെന്നുള്ള വിവരം ഔദ്യോഗികമായി അറിയിച്ചുവെന്നാണ് വിവരം.നേരത്തെ അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചത് മോചനം വൈകുമെന്ന ആശങ്കയ്ക്ക് കാരണമായിരുന്നു. റഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക.ഇനി കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്. ഗവര്‍ണറേറ്റില്‍നിന്ന് കോടതിയിലേക്ക് രേഖാമൂലം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറും. തുടര്‍ന്ന് കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കും. വൈകാതെ മോചനവും സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റഹീം സഹായ സമിതി സ്റ്റിയറിംഗ് യോഗം ചേര്‍ന്ന് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. കാര്യങ്ങള്‍ വളരെ ഫലപ്രദമായി മുന്നോട്ട് പോകുന്നുവെന്ന് യോഗം വിലയിരുത്തിയതായി അബ്ദുല്ല വല്ലാഞ്ചിറ അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)