കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച മുതൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്കാണ് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. ഫറോക്ക് സ്വദേശിയായ 12 വയസുകാരനാണ് രോഗം. ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ കുട്ടി വെൻ്റിലേറ്ററിൽ തുടരുന്നു. കുട്ടി നാട്ടിലെ പൊതു കുളത്തിൽ കുളിച്ചിരുന്നു. ഇവിടെ നിന്ന് രോഗബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് രാമനാട്ടുകര നഗരസഭ പ്രദേശവാസികളുടെ യോഗം വിളിക്കുകയും കുളത്തിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം സാമ്പിൾപരിശോധനക്ക് അയച്ചു, നഗരസഭയുടെ നേതൃത്വത്തിൽ കുളം ശുചീകരിക്കുകയും ചെയ്തു. ഇവിടെ കുളിച്ചവരുടെ വിവരങ്ങളും ആരോഗ്യപ്രവർത്തകർ ശേഖരിച്ചു. കുളം ഉപയോഗിച്ചവർ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗ ലക്ഷണങ്ങളുടെ മറ്റാരും ഇതുവരെ ചികിത്സ തേടിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 12 ന് മരിച്ച കണ്ണൂർ സ്വദേശിയായ 13 കാരിക്കും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)